കുമ്പള: ആശവർക്കർമാർ കൂട്ടത്തോടെ മത്സരരംഗത്തേക്ക്. കുമ്പള ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചവരിലേറെയും ആശവർക്കർമാർതന്നെ. സ്ത്രീസംവരണ വാർഡുകളിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് സ്ഥാനാർഥികളെ കണ്ടുപിടിക്കാൻ ഇപ്രാവശ്യം പാടുപെടേണ്ടിവന്നില്ലായെന്നതും ശ്രദ്ധേയമാണ്.

To advertise here,

വോട്ടർമാർക്കിടയിൽ ആശവർക്കർമാരെ പരിചയപ്പെടുത്തേണ്ട ആവശ്യവും വരുന്നില്ല. വാർഡുകൾ കേന്ദ്രീകരിച്ച് കാലങ്ങളായി പ്രവർത്തിച്ചുവരുന്നവരാണ് ആരോഗ്യപ്രവർത്തകർ കൂടിയായ ആശവർക്കർമാർ. ഗ്രാമപ്പഞ്ചായത്തിലെ 14-ാം വാർഡിൽ മൊഗ്രാൽ കെ.കെ. പുറത്ത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത് ആരോഗ്യപ്രവർത്തകയും ആശവർക്കറുമായ ബൽക്കീസ് എം. ഗഫാറാണ്. ഇവിടെ ഇടതുമുന്നണി സ്ഥാനാർഥിയായി ഐഎൻഎല്ലിലെ ആബിദയും മത്സരിക്കുന്നു. 19-ാം വാർഡ് നടുപ്പളത്ത് ആശവർക്കർ നസീറാ ഖാലിദാണ് യുഡിഎഫ് സ്ഥാനാർഥി.

സാമൂഹിക പ്രവർത്തക വെൽഫെയർ പാർട്ടിയിലെ സഹീറാ അബ്ദുല്ലത്തീഫും ഇവിടെനിന്ന് ജനവിധി തേടുന്നുണ്ട്. കെ. ഫരീദയാണ് ഇടതുമുന്നണി സ്ഥാനാർഥി. മൊഗ്രാൽ കൊപ്പളം പതിനാറാം വാർഡിൽ ആശവർക്കർ ഖൈറുന്നിസ ഇസ്മയിലാണ് യുഡിഎഫ് സ്ഥാനാർഥി. ഇവിടെ വെൽഫെയർ പാർട്ടി പിന്തുണയോടെ മുസ്‌ലീം ലീഗ് പ്രവർത്തകയും കഴിഞ്ഞ പ്രാവശ്യത്തെ മുസ്‌ലീം ലീഗ് സ്ഥാനാർഥിവുമായ റിസാനാ നിയാസും മത്സരരംഗത്തുണ്ട്. ഇടതുമുന്നണിയിൽ ആയിഷാ അബ്ദുൽ റിയാസാണ് സ്ഥാനാർഥി.

ഇടതുമുന്നണിയിൽ ആർജെഡി ടിക്കറ്റിലാണ് ആയിഷാ അബ്ദുൽ റിയാസ് മത്സരിക്കുന്നത്. ഇവിടെ കുടുംബശ്രീ പ്രവർത്തക ആയിഷാ ഇബ്രാഹിമും സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.