തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നുവെന്നത് ഖജനാവിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നത് വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയിനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു.
കിഫ്‌ബി (KIIFB) വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ തന്നെ കടമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനു പുറമെ കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയർന്നു. സാമ്പത്തിക ഞെരുക്കം കാരണം പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കായുള്ള പദ്ധതി വിഹിതത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ കുറവുണ്ടായതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ട്രഷറി പ്രവർത്തനങ്ങൾ അതീവ സങ്കീർണ്ണം
കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവും ജി.എസ്.ടി നഷ്ടപരിഹാരം അവസാനിച്ചതും ഖജനാവിന് കനത്ത ആഘാതമായി. 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയത് വരുമാനത്തിൽ 20,000 കോടി രൂപയുടെ കുറവുണ്ടാക്കാൻ ഇടയാക്കും. കേന്ദ്ര നികുതി വിഹിതത്തിൽ കേരളത്തിന്റെ പങ്ക് കുറയുന്നത് സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കുന്നു.
ട്രഷറി പ്രവർത്തനങ്ങൾ അതീവ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 12-ൽ 10 മാസവും ട്രഷറിയിൽ ബാലൻസ് നെഗറ്റീവ് ആയിരുന്നു. ആർ.ബി.ഐയുടെ അടിയന്തര വായ്പാ സൗകര്യങ്ങളെ (WMA and Overdraft) ആശ്രയിച്ചാണ് ദൈനംദിന കാര്യങ്ങൾ നടക്കുന്നത്. വായ്പാ പരിധി അവസാനിച്ചതിനെത്തുടർന്ന് കടുത്ത ഓവർഡ്രാഫ്റ്റ് നിയന്ത്രണങ്ങളിലേക്ക് ട്രഷറി നീങ്ങുകയാണ്.
കിഫ്‌ബിക്കെതിരെ രൂക്ഷ വിമർശനം
കിഫ്‌ബി (KIIFB) പോലുള്ള സമാന്തര സംവിധാനങ്ങൾ സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് ധവളപത്രത്തിൽ രൂക്ഷ വിമർശനം. ബജറ്റിന് പുറത്തുള്ള വായ്പകൾ എടുക്കുന്നതിനായി രൂപീകരിച്ച കിഫ്‌ബി, സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സമാന്തര ഭരണകൂടമായാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്‌ബിക്ക് മാത്രം 21,000 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ട്.
ഇതിനു പുറമെ, അംഗീകരിച്ചിട്ടുള്ള പദ്ധതികൾ പൂർത്തിയാക്കാൻ 35,000 കോടി രൂപ കൂടി കിഫ്‌ബിക്ക് ആവശ്യമാണ്. കിഫ്‌ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിൽ ഉൾപ്പെടുമെന്ന കണ്ടെത്തൽ വലിയ തിരിച്ചടിയായി. വായ്പ എടുക്കുന്നതിന് സർക്കാരിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ അധികം പലിശ കിഫ്‌ബിക്ക് നൽകേണ്ടി വരുന്നത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
കിഫ്‌ബി പദ്ധതികളുടെ വിതരണത്തിലും പ്രാദേശികമായ അസമത്വമുണ്ടെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. ആകെ അനുവദിച്ച തുകയുടെ 20 ശതമാനവും കണ്ണൂർ ജില്ലയിലേക്കാണ് പോയത്. തിരുവനന്തപുരം (17%), എറണാകുളം (11%) എന്നീ ജില്ലകൾ കൂടി ചേർത്താൽ ആകെ പദ്ധതികളുടെ പകുതിയോളം ഈ മൂന്ന് ജില്ലകളിലായി ഒതുങ്ങുന്നു. ഇത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടന്നതെന്ന് റിപ്പോർട്ട് സംശയിക്കുന്നു.
മൂലധന ചെലവിന്റെ കാര്യത്തിൽ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജി.എസ്.ഡി.പി-യുടെ വെറും 1.3 ശതമാനം മാത്രമാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്നത്. മറ്റു പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 3.01 ശതമാനമാണ്. ഭാവിയിൽ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപങ്ങൾ നടത്താൻ കഴിയാത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതൽ ദുർബലപ്പെടുത്തുന്നു.
നികുതി വരുമാനത്തിലുണ്ടായ കുറവും കേന്ദ്ര സഹായം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വ്യവസായ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ ഈ തകർച്ചയിൽ നിന്ന് കരകയറാൻ സാധിക്കൂ എന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ധവളപത്രത്തിന്റെ പൂർണരൂപം
Content Highlights: Kerala's debt reaches 5.07 lakh crore in 2026. Read the white paper on the state's financial crisis, treasury struggles, and recovery recommendations.
Published: 04 Jun 2026, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented