തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷാ സമ്പ്രദായം അട്ടിമറിച്ച് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് നേരിട്ട് നിയമനവും സ്ഥലമാറ്റവും നടത്തുന്നതായി ആരോപണം. ഈ വർഷം മൂന്ന് തവണ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചിട്ടും പരീക്ഷകൾ നടത്താതെ, പരീക്ഷ എഴുതി നിയമനം ലഭിച്ചവരെ തന്ത്രപൂർവം മാറ്റി പകരം പരീക്ഷയില്ലാതെ നേരിട്ട് ആളുകളെ നിയമിക്കുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.

To advertise here,

പോലീസിന്റെ മറ്റ് മേഖലകളിൽനിന്ന് ക്രൈംബ്രാഞ്ചിലേക്ക് എസ്ഐ, സീനിയർ സിപിഒ, സിപിഒ, വനിതാ പോലീസ് എന്നീ തസ്തികകളിലേക്ക് എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെയാണ് മുൻപ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തിരുന്നത്. പരീക്ഷ പാസാകുന്നവരെ അഞ്ച് വർഷത്തെ സേവന കാലാവധി നിശ്ചയിച്ചാണ് വിവിധ യൂണിറ്റുകളിൽ നിയമിച്ചിരുന്നത്.

സുതാര്യമായ പരീക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് യാതൊരു നിശ്ചിത തത്ത്വങ്ങളുമില്ലാതെയാണ് നിലവിൽ സ്ഥലമാറ്റങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. മൂന്ന് വർഷം പോലും തികയാത്തവരെ പെട്ടെന്ന് മാറ്റുമ്പോൾ, അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ചില ഉദ്യോഗസ്ഥർ അതേ സ്ഥാനങ്ങളിൽ തുടരുകയും ചെയ്യുന്നു. സ്ഥലമാറ്റ വിവരങ്ങൾ പുറത്തറിയാതിരിക്കാനും പ്രതിഷേധം ഒഴിവാക്കാനും ഒരു യൂണിറ്റിൽനിന്ന് മൂന്നോ നാലോ പേരെ വീതം ഘട്ടങ്ങളായാണ് മാറ്റുന്നത്. കഴിഞ്ഞ 25-ാം തീയതി ഒരേ ദിവസം തന്നെ നാലോ അഞ്ചോ സ്ഥലമാറ്റ ഉത്തരവുകളാണ് പുറത്തിറങ്ങിയത്.

പെട്ടെന്നുണ്ടാകുന്ന മാനദണ്ഡവിരുദ്ധമായ ഈ സ്ഥലമാറ്റ നടപടികൾ ഉദ്യോഗസ്ഥർക്കിടയിൽ, പ്രത്യേകിച്ച് വനിതാ ജീവനക്കാർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അഞ്ച് വർഷത്തെ പോസ്റ്റിങ് പ്രതീക്ഷിച്ചു ജോലി ചെയ്തിരുന്ന വനിതാ പോലീസുകാർക്ക് പെട്ടെന്ന് ലഭിച്ച സ്ഥലമാറ്റ ഉത്തരവുകൾ കനത്ത തിരിച്ചടിയായി. ഇതിനെതിരെ ബാധിതരായ ഉദ്യോഗസ്ഥർ ഐജി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരിട്ട് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നാണ് യാതൊരു മാനദണ്ഡവുമില്ലാത്ത ഈ സ്ഥലമാറ്റ പട്ടികകൾ നേരിട്ട് തയ്യാറാക്കി ഇറക്കുന്നത്.

യോഗ്യത അളക്കുന്ന പരീക്ഷാ സമ്പ്രദായം കാറ്റിൽപ്പറത്തി നടത്തുന്ന ഇത്തരം നിയമനങ്ങൾ ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനമികവിനെയും കേസന്വേഷണങ്ങളുടെ സുതാര്യതയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.