
തിരുവനന്തപുരം: വിപണിയിൽ ലഭ്യമായതിനെക്കാൾ മൂന്നിരട്ടി വിലയ്ക്ക് കോവിഡ് കാലത്ത് പി.പി.ഇ. കിറ്റുകൾ വാങ്ങിയെന്ന സി.എ.ജി. റിപ്പോർട്ട് സഭയിൽ ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസം വെറും കണക്കുകൾ കണ്ടാൽ മനസ്സിലാവുകയില്ല. അടിയന്തര സാഹചര്യത്തിൽ അടിയന്തര സ്വഭാവത്തോടെ തന്നെ ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങേണ്ടിവരുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
''ലോകമാകെ മുൻ പരിചയമില്ലാത്ത ആരോഗ്യ അടിയന്തിരാവസ്ഥയെ നേരിട്ട അസാധാരണ സാഹചര്യമായിരുന്നു കോവിഡ് കാലഘട്ടം. ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യേണ്ടിവന്ന ഘട്ടം. ആ ഘട്ടത്തിൽ അവരുടെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിന്റേതാണ്. അടിയന്തര സാഹചര്യത്തിൽ അടിയന്തര സ്വഭാവത്തോടെ തന്നെ ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളും മറ്റും വാങ്ങേണ്ടിവരും. അത് വാങ്ങിയിട്ടുണ്ട്.
പിപിഇ കിറ്റ് കോവിഡ് ചികിത്സയിലും പ്രതിരോധത്തിനും അനിവാര്യമായ ഒന്നാണ്. പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യ പ്രവർത്തകർ മരിച്ചുവീഴുന്ന അവസ്ഥയുണ്ടാകാൻ പാടില്ല. കോവിഡ് വന്നപ്പോൾ മാസ്ക്, സാനിറ്റൈസർ, പിപിഇ കിറ്റ്, ഓക്സിമീറ്റർ തുടങ്ങിയവയ്ക്ക് അസാധാരണമായ ഡിമാന്റായിരുന്നു. പലതും കിട്ടാത്ത അവസ്ഥ. ജനങ്ങൾ പരിഭ്രാന്തരായി. രാജ്യത്തെ ഏറ്റവും പ്രധാന നഗരങ്ങളിൽ പോലും ഓക്സിജൻ സിലിണ്ടർ ലഭിക്കാതെ വന്നപ്പോൾ കേരളത്തിൽ അങ്ങിനെ ഒരവസ്ഥ ഉണ്ടായില്ല. ഇവിടെ ചികിത്സ ലഭ്യമല്ലാതെ ഒരാൾക്കും വിഷമിക്കേണ്ടിവന്നില്ല. പൂർണവും സൗജന്യവുമായ ചികിത്സയാണ് സർക്കാർ ഉറപ്പുവരുത്തിയത്'', മുഖ്യമന്ത്രി പറഞ്ഞു.
അതുവരെ ആരും മുന്നിൽ കാണാത്ത പരിഭ്രാന്തിയുള്ള സാഹചര്യമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ആരോഗ്യ അടിയന്തരാവസ്ഥ എത്രകാലം നിലനിൽക്കുമെന്നോ, കോവിഡ് എന്ന് അവസാനിക്കുമെന്നോ പ്രവചിക്കാൻ കഴിയാത്ത ദുരവസ്ഥ. ആ സമയത്ത് നമ്മുടെ സ്റ്റോക് പർച്ചേസ് റൂളിലെ വ്യവസ്ഥകൾ പാലിച്ച് കരാർ ഒപ്പിട്ടാൽ മതിയായിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്. സർക്കാർ തീരുമാനിച്ചത് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഒരു ഔദ്യോഗിക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി ആവശ്യമായ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തി അടിയന്തര ആവശ്യത്തിനുള്ള സാധനങ്ങൾ അതിവേഗത്തിൽ ലഭ്യമാക്കാനാണ്. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാനല്ല.
കോവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസം വെറും കണക്കുകൾ കണ്ടാൽ മനസ്സിലാവുകയില്ല. യാന്ത്രികമായി അക്കങ്ങൾ മാത്രം കൂട്ടി നോക്കുമ്പോൾ യഥാർഥ വസ്തുത കാണാൻ കഴിയില്ല. ഇവിടെ സംഭവിച്ചതും അതുതന്നെയാണ്. 2016-17 മുതൽ ആറ് വർഷത്തെ ഡാറ്റ എടുത്ത് മൊത്തതിലുള്ള ഏറ്റക്കുറച്ചിലുകൾ കണക്കാക്കുകയാണ്. കോവിഡ് എന്ന അസാധാരണ കാലഘട്ടത്തിലെ നിരക്കും തീരുമാനങ്ങളും കോവിഡിന് മുൻപും പിമ്പുമുള്ള കാലഘട്ടത്തിലെ നിരക്കുമായി ഇടകലർത്തി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തത്. ഓരോ വർഷത്തിലും പ്രതിപാദിക്കുന്നതിന് പകരം മൊത്തത്തിൽ ഇങ്ങനെ പ്രതിപാദിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും.
കോവിഡ് മഹാമാരിക്ക് മുമ്പുള്ള 545 രൂപ എന്ന മാർക്കറ്റ് റേറ്റ് താരതമ്യം ചെയ്ത്, കോവിഡ് കൊടുമ്പിരി കൊള്ളുമ്പോൾ പല അസംസ്കൃത വസ്തുക്കളും ലഭ്യമല്ലാതിരുന്ന സമയത്തോ അല്ലെങ്കിൽ ഗതാഗതം, ഇറക്കുമതി എന്നിവ പ്രയാസം വന്ന സമയത്തോ വന്ന വിലവർധന കണക്കിലെടുക്കാതെയാണ് ഇത്തരത്തിൽ പരാമർശം വന്നത്". ഇക്കാര്യത്തിന് 2023 നവംബറിൽ സർക്കാർ കൊടുത്ത മറുപടിയിൽ കൃത്യമായ വിശദീകരണം നൽകിയിട്ടും വീണ്ടും ഇതേ വിഷയം ഓഡിറ്റ് പരാമർശമായി ഉന്നയിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Kerala CM defends higher PPE kit prices during COVID
Published: 23 Jan 2025, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented