
കോട്ടയം: രാഷ്ട്രീയത്തിന്റെ ഒട്ടേറെ വഴിത്തിരിവുകൾക്ക് സാക്ഷ്യംവഹിച്ച കോട്ടയം വയസ്കരക്കുന്നിലെ കേരള കോൺഗ്രസ് ആസ്ഥാനമന്ദിരത്തിൽ ശനിയാഴ്ച ഒട്ടും തിരക്കില്ലായിരുന്നു. പ്രസ്ഥാനവുമായി വൈകാരികമായി ഇഴചേർന്ന മന്ദിരത്തിന് ഒഴിവുദിവസമായിരുന്നില്ല അത്. പാർട്ടിയുടെ നേതൃത്വം ഒന്നായി അവിടേക്കുവന്ന ദിവസം. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ തോൽവി അവിടെയാകെ നിഴലിച്ചുനിന്നു.
ചെയർമാൻ ജോസ് കെ. മാണി അവിടെയുണ്ടെന്നറിഞ്ഞാൽ നൂറുപേരെങ്കിലും എത്താറുള്ളതാണ്. എന്നാൽ, ഒാഫീസ് ജീവനക്കാരും നേതാക്കളുടെ പേഴ്സണൽ സ്റ്റാഫും വിരലിലെണ്ണാവുന്ന പ്രവർത്തകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ 11-ന് നിശ്ചയിച്ചിരുന്ന യോഗത്തിലേക്ക് ചെയർമാൻ കൃത്യസമയത്ത് എത്തിയിട്ടും പല നേതാക്കളും വൈകി. യോഗം തുടങ്ങിയശേഷമാണ് പ്രമോദ് നാരായണും നിർമലാ ജിമ്മിയും വന്നത്; 12 മണിയോടെ സെബാസ്റ്റ്യൻ കുളത്തുങ്കലും. 12 സീറ്റിൽ മത്സരിച്ച് 12 ഇടത്തും തോറ്റതിന്റെ ആഘാതം നേതാക്കളുടെ മുഖത്തുണ്ടായിരുന്നു. രാവിലെ യോഗത്തിനുമുൻപ് ചെയർമാന്റെ മുറി തുറന്നതുമില്ല.
കോട്ടയത്തെ ആദ്യ ആസ്ഥാനമന്ദിരം പിളർപ്പുകൾക്കൊടുവിൽ നഷ്ടമായപ്പോഴാണ് കെ.എം. മാണി വയസ്കര ഹരിപ്പാട് മഠം ഒാഫീസിനായി തിരഞ്ഞെടുത്തത്. 2019-ൽ പി.ജെ. ജോസഫും ജോസ് കെ. മാണിയും പാർട്ടി പിളർത്തി രണ്ടായപ്പോഴും ഇൗ മന്ദിരം ഒപ്പമാക്കാൻ ജോസ് പക്ഷത്തിനായി. 2020 ജൂൺ 29-ന് ജോസ് വിഭാഗത്തെ യു.ഡി.എഫിൽനിന്ന് പുറത്താക്കിയപ്പോൾ അവരുടെ നേതാക്കൾ ഇവിടെയെത്തി നടത്തിയ വൈകാരികപ്രതികരണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇടതുമുന്നണിക്കൊപ്പം ചേർന്ന് 2020-ലെ തദ്ദേശതിരഞ്ഞെടുപ്പും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ചുകയറിയപ്പോൾ വയസ്കരയോളം ഉയരത്തിലായിരുന്നു ഇവിടെ ആഹ്ലാദം. അഞ്ചുവർഷത്തിനിപ്പുറം കനത്ത രാഷ്ട്രീയപ്രതിസന്ധി എങ്ങനെ നേരിടാം എന്ന തലവേദനയിലും. നിയമസഭയിലും പാർലമെന്റിലും പ്രാതിനിധ്യമില്ലാതെ സംസ്ഥാനപാർട്ടിപദവിപോലും തുലാസിലാണിപ്പോൾ. ജില്ലയിൽ സി.പി.എമ്മും സി.പി.ഐ.യും എല്ലാം നഷ്ടപ്പെട്ട് സമാനദുഃഖത്തിൽ നിൽക്കുന്നതിനാൽ, മുന്നണിക്കുള്ളിൽ ഒറ്റപ്പെടില്ലെന്ന ആശ്വാസമാണ് പല നേതാക്കളും സ്വകാര്യമായി പങ്കിട്ടത്.
Content Highlights: Kerala Congress office in Kottayam faces a somber atmosphere after a 12/12 seat loss in the 2026 assembly elections., Internal leadership struggle and lack of attendance at critical party meetings., The party faces an existential threat regarding its state-level party status., Strategic reliance on LDF alliance members to navigate current political isolation.
Published: 10 May 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented