
ന്യൂഡൽഹി: പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള മണ്ഡലങ്ങളിലെയും എല്ലാ സിറ്റിംഗ് എംഎൽഎമാരെയും മത്സരിപ്പിക്കാൻ ഉള്ള കെ.പി.സി.സി നിർദേശത്തിൽ കോൺഗ്രസ് തെരെഞ്ഞെടുപ്പ് സമിതി മാറ്റം വരുത്തിയേക്കും. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് ഒപ്പം മറ്റ് രണ്ട് പേരുകൾ കൂടി കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നെണ്ടെന്നാണ് നേതാക്കൾ നൽകുന്ന സൂചന. മനോജ് മൂത്തേടൻ, കെ.എസ്.യു. മുൻ സംസ്ഥാന അധ്യക്ഷൻ ജെയ്‌സൺ ജോസഫ് എന്നിവരാണ് പരിഗണിക്കപ്പെടുന്നത് എന്നാണ് സൂചന.
എൽദോസ് കുന്നപ്പള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി രണ്ട് വർഷം മുമ്പ് നൽകിയ പരാതിയാണ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ കുത്തിപൊക്കിയത്. എൽദോസിന് സീറ്റ് നിഷേധിക്കണമെന്നും വിജയസാധ്യത കുറവാണെന്നും ഈ നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. കെ.പി.സി.സി ഈ പരാതികൾ ഗൗരവത്തോടെ എടുത്തില്ലെങ്കിലും കോൺഗ്രസ് ദേശിയ നേതാക്കളിൽ ചിലർക്ക് പെരുമ്പാവൂരിൽ പുതിയ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കുന്നതാണു നല്ലതെന്ന നിലപാട് സ്വീകരിച്ചെന്നാണ് സൂചന.
മൂവാറ്റുപുഴയിൽനിന്ന് മാത്യു കുഴൽനാടനെ പെരുമ്പാവൂരിലേക്ക് മാറ്റാനായിരുന്നു ആദ്യഘട്ടത്തിൽ ആലോചന. എന്നാൽ, മാത്യു കുഴൽനാടൻ ഇതിനോട് യോജിക്കാത്തതിനാൽ പെരുമ്പാവൂരിൽ പുതിയ പേരുകൾ പരിഗണിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. മനോജ് മൂത്തേടൻ, ജെയ്‌സൺ ജോസഫ് എന്നിവരുടെ പേരുകളാണ് നിലവിൽ എൽദോസ് കുന്നപ്പള്ളിയുടെ പേരിനൊപ്പം പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണു സൂചന. ഡൽഹിയിലുള്ള എൽദോസ് കുന്നപ്പള്ളി കെ.സി. വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്.
സുൽത്താൻ ബത്തേരിയിൽ എൻ. ശങ്കരൻ, സി.കെ ജാനു, ഉഷ വിജയൻ എന്നിവരും പരിഗണനയിൽ
ഐ.സി. ബാലകൃഷ്ണനെ വീണ്ടും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമോയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ചർച്ച ചെയ്യും. വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണ കേസിൽ ഒന്നാം പ്രതിയാണ് ഐ.സി. ബാലകൃഷ്ണൻ. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണനെ വീണ്ടും സ്ഥാനാര്ഥിയാക്കണമോ എന്ന കാര്യത്തിൽ ചർച്ച.
സുൽത്താൻ ബത്തേരിയിൽനിന്ന് ഐ.സി. ബാലകൃഷ്ണനെ മാനന്തവാടി നിയമസഭാ മണ്ഡലത്തിലേക്ക് മാറ്റിയാൽ മതിയെന്ന അഭിപ്രായം ചില നേതാക്കൾക്ക് ഉണ്ട്. എന്നാൽ, മണ്ഡലം മാറാൻ ബാലകൃഷ്ണൻ തയ്യാറല്ലെന്നാണ് ലഭിക്കുന്ന സൂചന. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ മത്സരിക്കുന്നില്ലെങ്കിൽ എൻ. ശങ്കരൻ, സി.കെ. ജാനു, ഉഷ വിജയൻ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
എൽദോസ് കുന്നപ്പള്ളിയും ഐ.സി. ബാലകൃഷ്‌ണനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തരായാണ് അറിയപ്പെടുന്നത്. ഇരുവരെയും മാറ്റുന്നതിൽ രമേശ് ചെന്നിത്തലയുടെ അഭിപ്രായവും നിർണ്ണായകമാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
Content Highlights: KPCC reconsidering sitting MLAs for Perumbavoor and Sultan Bathery., New names like Manoj Moothedan and Jaison Joseph considered for Perumbavoor., IC Balakrishnan faces scrutiny over pending legal cases in Sultan Bathery., Ramesh Chennithala's influence remains a key factor in candidate selection., Internal party reports suggest potential seat swaps or candidate replacements.
Published: 10 Mar 2026, 01:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented