കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെ ആരും ശുദ്ധീകരിക്കാൻ നോക്കണ്ടെന്നും അവർ അങ്ങനെ ശുദ്ധീകരിക്കപ്പെടുന്ന ഒന്നല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ഒരു സർവ്വദേശീയ സംഘടനയാണെന്നും ഓരോ സ്ഥലത്തും ഓരോ നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും അവർക്കുള്ളത് ശുദ്ധമായ മതതീവ്രവാദ നിലപാടാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്ലാ മതവിശ്വാസികളും അവരെ എതിർക്കാൻ തയ്യാറാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മും എൽഡിഎഫും ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, അവർ കറകളഞ്ഞ വർഗീയവാദികളാണ് എന്ന നിലപാടാണ് നേരത്തേയും ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

ശബരിമല സ്വർണക്കൊള്ള കേസിൽ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സംഭവത്തിൽ ഫലപ്രദമായ അന്വേഷണം നടക്കുമെന്ന് സർക്കാർ തുടക്കം മുതൽ വ്യക്തമാക്കിയ ഒരു കാര്യമാണ്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇല്ല എന്നതും വ്യക്തമാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ, അന്വേഷണം ശക്തിപ്പെടുത്താനുള്ള എല്ലാ പിന്തുണയും നൽകുക എന്നതാണ് ഗവൺമെന്റ് സ്വീകരിക്കുന്ന നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഹൈക്കോടതി അടക്കം ഇടപെട്ടുകൊണ്ടുള്ള അന്വേഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നല്ല കൃത്യതയോടെയുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയും ഇതിൽ പൊതുവേ മതിപ്പ് രേഖപ്പെടുത്തുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്.

നമ്മുടെ സംസ്ഥാനത്തുള്ള പല കാര്യങ്ങളിലും ഇഡിയുടെ ഇടപെടലുകൾ ഉണ്ടാകാറുണ്ട് എന്നുള്ളത് നേരത്തെയുള്ള അനുഭവമാണെന്നും അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുവെന്ന് മാത്രമേ കാണേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ ഇഡി ഇടപെടലിനായി ബിജെപി ശ്രമിക്കുന്നുണ്ട് എന്ന് ചോദ്യമുർന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ നടപടി. ഇവിടെ അന്വേഷണം കൃത്യമായ രീതിയിൽ നടക്കുമ്പോൾ മറ്റേതെങ്കിലും ഒരു അന്വേഷണ ഏജൻസി അതിന്റെ ഭാഗമായി ഇടപെടേണ്ടി വരില്ല. ഇത് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതുകൊണ്ട് തന്നെ കുറ്റമറ്റ രീതിയിൽ അന്വേഷണം പൂർത്തിയാക്കാൻ കഴിയുന്നതാണ്. എന്നാൽ, മറ്റ് ഉദ്ദേശങ്ങളോടെ ഇഡി പോലുള്ള ഏജൻസികൾ ഇടപെടാൻ ശ്രമിക്കും എന്നത് യാഥാർത്ഥ്യമാണ്, ഇത് മുൻപും നമ്മൾ കണ്ടതുമാണ്. നേരത്തെ, സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞവർ പോലും പിന്നീട് ഈ അന്വേഷണ സംവിധാനത്തെ അംഗീകരിക്കുന്ന നില കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ലീഗ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വം സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുകയാണെന്നും ലീഗ് അത് കാണാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ലീഗിന്റെ പരമോന്നത നേതാക്കൾ അടക്കം ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാൻ പോകുന്നത് യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ യുഡിഎഫിനെ സംരക്ഷിച്ചു നിർത്തുന്നത് ലീഗാണെന്നും എങ്ങനെയെങ്കിലും കുറച്ച് വോട്ട് കിട്ടാൻ വേണ്ടിയുള്ള നടപടികളാണ് ഇതിലൂടെ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. അവർക്ക് സംസാരിക്കാൻ ഒരു അവസരം തരണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടപ്പോൾ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് കണ്ടിട്ടുണ്ട്. എങ്കിലും, ആ കൂടിക്കാഴ്ചയിൽ ഒരു തരത്തിലുള്ള ഗുഡ് സർട്ടിഫിക്കറ്റും നൽകാൻ തയ്യാറായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ നേതാക്കൾ കൂടെയുണ്ടായിരുന്നപ്പോൾ, അവരല്ലേ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധർ എന്ന് താൻ മുഖത്തുനോക്കി ചോദിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.