കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിലെ തീ നിയന്ത്രണാതീതയമായി തുടരുന്നു. കപ്പലിലെ തീയണയ്ക്കാനെത്തിയ കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകള്‍ക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാന്‍ സാധിക്കുന്നില്ല. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരുകപ്പലും സംഭവസ്ഥലത്തുണ്ട്.

To advertise here,

കണ്ടെയ്നറുകളില്‍ കൂടുതല്‍ പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന അപകടകരമായ വസ്തുക്കളുള്ളതും തീയുടെ കാഠിന്യവുമാണ് മറ്റ് കപ്പലുകള്‍ക്ക് വാന്‍ഹായ് 503-ന് അടുത്തേക്കെത്താന്‍ സാധിക്കാത്തതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന് ഒമ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

തീ പിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. തീ പിടിച്ചതിനു പിന്നാലെ നിരവധി കണ്ടെയ്നറുകള്‍ കടലിലേക്ക് വീണിരുന്നു. കപ്പലിലെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതും മറ്റ് കപ്പുലുകള്‍ക്ക് ഇതിനടുത്തെത്താണ് തടസമാകുന്നുണ്ട്. സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അപകടത്തില്‍പ്പെട്ട കപ്പല്‍ജീവനക്കാരെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവികസേനാ കപ്പലായ ഐഎന്‍എസ് സൂറത്തിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം മംഗലാപുരത്ത് എത്തിക്കാനാണ് ആലോചന.

രാവിലെ 9.30-ഓടുകൂടിയാണ് കപ്പലില്‍ സ്‌ഫോടനമുണ്ടായി എന്ന വിവരം കോസ്റ്റ്ഗാര്‍ഡിന് ലഭിക്കുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കില്‍ സ്ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40-ഓടെ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീ പടരുകയായിരുന്നു.