ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു. നഗരത്തിലെ വർധിച്ചുവരുന്ന ജീവിതച്ചെലവിനെ കുറിച്ചാണ് ദമ്പതികൾ വീഡിയോയിൽ പറയുന്നത്. മൂന്നംഗ കുടുംബത്തിന് മെയ് മാസത്തിൽ 1.66 ലക്ഷം രൂപ ചെലവ് വന്നുവെന്ന് വീഡിയോയിൽ പറയുന്നു. ശുഭം റെഡ്ഡി-മേഘ ദമ്പതികളാണ് വീഡിയോ പങ്കുവെച്ചത്.

To advertise here,

ഫിറ്റ്‌നസ്, കുട്ടികളുടെ പരിചരണം, വീട്ടുജോലിക്കാർ എന്നിവയാണ് പ്രധാന ചെലവെന്നും വീഡിയോയിൽ പറയുന്നുണ്ട്. പ്രതിമാസം 68,000 രൂപയാണ് വാടകയ്ക്കും മറ്റുമായി ചെലവാക്കുന്നത്. ആരോഗ്യത്തിനും ഫിറ്റ്‌നസിനും പണം കൂടുതൽ ചെലവഴിച്ചു. ജിമ്മിൽ അംഗത്വമെടുക്കൽ, വ്യക്തിഗത പരിശീലന സെഷനുകൾ, സ്‌പോർട്‌സ് പ്രവർത്തനങ്ങൾ, സപ്ലിമെന്റുകൾ, ഫിറ്റ്‌നസ് ഗിയറുകൾ എന്നിവയ്ക്കായി 31000 രൂപ ചെലവായി.

വീട്ടുജോലിക്കാരിയായി കുഞ്ഞുങ്ങളുടെ ആയ, ഒരു പാചകക്കാരി, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നവരാണുള്ളത്. ഇവർക്ക് 29000 രൂപയാണ് ഒരു മാസം ചെലവാകുന്നത്. പലചരക്ക് സാധനങ്ങൾക്ക് 18,000 രൂപയും ചെലവഴിച്ചു. രണ്ട് വയസ്സുള്ള കുഞ്ഞിനും വളർത്തുനായ്ക്കും വേണ്ടിയുള്ള ഡയപ്പറുകൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, വളർത്തുമൃഗങ്ങളുടെ ഭക്ഷണം എന്നിവയ്ക്കായി ഏകദേശം 8,000 രൂപ ചെലവഴിച്ചു. ഇതിനു പുറമെ, പുറത്ത് ഭക്ഷണം കഴിക്കുന്നത്, വിനോദം, ഷോപ്പിംഗ്, ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾ, യാത്രാ ചെലവുകൾ എന്നിവയെല്ലാം കൂടി ഏകദേശം 12,000 രൂപയായി. മൊത്തത്തിൽ മെയ് മാസത്തിൽ കുടുംബത്തിന്റെ ചെലവ് ഏകദേശം 1.66 ലക്ഷം രൂപയായി.

'ബെംഗളൂരു ചെലവേറിയതാണെന്ന് എല്ലാവരും പറയുന്നു. എന്നാൽ എത്രത്തോളം ചെലവേറിയതാണ്? മെയ് മാസത്തിൽ ഞങ്ങൾ എത്രയാണ് ചെലവഴിച്ചതെന്നും അത് എവിടെയാണ് പോയതെന്നും ഇത് കാണിക്കുന്നു. ഞങ്ങളുടെ പ്രതിമാസ നിക്ഷേപങ്ങളോ വേനൽക്കാല യാത്രയോ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം അതിനായി ഞങ്ങൾ പ്രത്യേക ഫണ്ടുകൾ സൂക്ഷിക്കുന്നു,' വീഡിയോയ്‌ക്കൊപ്പം ദമ്പതികൾ കുറിച്ചു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഈ ചെലവ് ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെയാണോ അതോ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണോ പ്രതിഫലിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ഉപയോക്താക്കൾ പ്രതികരിച്ചു. കുട്ടികളുടെ പരിചരണ സൗകര്യങ്ങളുള്ള, രണ്ട് വരുമാനമുള്ള നഗരത്തിലെ ഒരു കുടുംബത്തിന് ഇത് ന്യായമായ ബജറ്റാണെന്ന് ചിലർ വാദിച്ചപ്പോൾ, മറ്റുചിലർ ഫിറ്റ്‌നസിനും വീട്ടുജോലിക്കാർക്കുമായുള്ള ഉയർന്ന വിഹിതത്തെ ചോദ്യം ചെയ്തു.

'ചെലവുകൾ എപ്പോഴും വരുമാനവുമായി താരതമ്യം ചെയ്യണം... ഉയർന്ന വരുമാനമുള്ളവർ മികച്ച രീതിയിൽ ജീവിക്കും' എന്നായിരുന്നു ഒരു കമന്റ്. എല്ലാവർക്കും ഇതുപോലെ ചെലവ് വരില്ലെന്നും അത് ഓരോരുത്തരുടേയും ശമ്പളവുമായി ബന്ധപ്പെട്ടതാണെന്നും മറ്റൊരാൾ കുറിച്ചു.