തിരുവനന്തപുരം: അതിജീവനവും കരുതലുമൊരുക്കി പുതിയ സർക്കാരിന്റെ പ്രഥമ ബജറ്റ് പണിപ്പുരയിൽ. മലയാളിയുടെ ആഗോളസമ്പർക്കം മുഖമുദ്രയാക്കി, അന്താരാഷ്ട്ര വികസനകാഴ്ചപ്പാട് പ്രതിഫലിക്കുന്നതാവും ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്ത വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റ്. സദ്ഭരണം, സഹാനുഭൂതി എന്നതാണ് ബജറ്റിന്റെ പ്രമേയം.
1960-62 കാലയളവിൽ ധനവകുപ്പിന്റെ ചുമതലവഹിച്ച ആർ. ശങ്കറാണ് ബജറ്റ് അവതരിപ്പിച്ച സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി. 2016-ൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജിവെച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിച്ചിരുന്നു. 75 വയസ്സിനു മുകളിലുള്ളവർക്ക് 15 രൂപയുടെ ക്ഷേമപെൻഷൻ ആദ്യമായി പ്രഖ്യാപിച്ചത് ശങ്കറായിരുന്നു. ക്ഷേമപെൻഷൻ ചർച്ചാവിഷയമായ തിരഞ്ഞെടുപ്പിനുശേഷം ഭരണസാരഥ്യത്തിലെത്തിയ സതീശൻ സർക്കാരിനെ കാത്തിരിക്കുന്നതും അതേ വെല്ലുവിളി. പെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന തിരഞ്ഞെടുപ്പുവാഗ്ദാനം ബജറ്റിലുണ്ടാവുമോയെന്ന് കേരളം കാത്തിരിക്കുന്നു.
യു.ഡി.എഫിന്റെ വാഗ്ദാനം ‘ഇന്ദിരാ ഗാരന്റി’ സാക്ഷാത്കരിക്കാനുള്ള വകയിരുത്തൽ ബജറ്റിലുണ്ടാവും. കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തിങ്കളാഴ്ച തുടങ്ങുകയാണ്. പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് പ്രതിമാസം ആയിരംരൂപ സഹായധനം, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാപദ്ധതി തുടങ്ങിയവയ്ക്കും തുക വകയിരുത്തും.
വ്യക്തിക്കും സമൂഹത്തിനും കരുതൽ
ചികിത്സപ്പിഴവിൽ കൈ നഷ്ടപ്പെട്ട പെൺകുട്ടിക്ക് യന്ത്രക്കൈ നൽകിയതും വിദ്യാർഥിനിയുടെ സൗകര്യത്തിനായി കംപ്യൂട്ടർ ലാബ് കെട്ടിടത്തിന്റെ താഴെനിലയിലേക്ക് മാറ്റിയതും ചുവപ്പുനാടയിൽ കുരുങ്ങിയ യുവസംരംഭകന് ഫാം ലൈസൻസ് ലഭ്യമാക്കിയതുമൊക്കെ മുഖ്യമന്ത്രിയുടെ കരുതലിന്റെ ഉദാഹരണങ്ങളാണ്. ഇതിനെല്ലാം തുടർച്ചയേകുന്ന വിസ്മയപദ്ധതികൾ അണിയറയിലൊരുങ്ങുന്നുണ്ട്.
ആദ്യമായി വയോജനവകുപ്പ് രൂപവത്കരിച്ച സർക്കാരിന്റെ പ്രഥമ ബജറ്റിൽ വയോജനക്ഷേമത്തിന് കൈത്താങ്ങുണ്ടാവുമെന്നുറപ്പ്. അവരുടെ സേവനവും പങ്കാളിത്തവും ഉറപ്പാക്കുന്ന ‘സിൽവർ ഇക്കണോമി’ സങ്കല്പം മുഖ്യമന്ത്രിയുടെ അജൻഡയിലുണ്ട്.
ഊരാക്കുടുക്കഴിക്കാൻ സ്വകാര്യഹസ്തം
ധനപ്രതിസന്ധിയുടെ ഊരാക്കുടുക്കിൽനിന്ന് കരയേറ്റാൻ സ്വകാര്യപങ്കാളിത്തവും നിക്ഷേപവും പ്രയോജനപ്പെടുത്തും. സംസ്ഥാനത്തെ തുറമുഖങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി ‘തുറമുഖനഗരം’ വികസിപ്പിക്കൽ, വിമാനത്താവളങ്ങളെ കണ്ണിചേർത്തുള്ള ‘ഏവിയേഷൻ ഹബ്ബ്’ എന്നീ പ്രഖ്യാപനങ്ങളുണ്ടാവും.
കിഫ്ബിയുടെ ഉടച്ചുവാർക്കൽ ഒഴിവാക്കില്ല. വിദേശ-സ്വകാര്യ സർവകലാശാലകൾ പ്രോത്സാഹിപ്പിക്കാനും മുൻകൈയെടുക്കും. വിദേശവിദ്യാർഥികളെ ആകർഷിക്കാൻ ‘അക്കാദമിക ടൂറിസം’ ആവിഷ്കരിക്കും. തരിശുഭൂമിയും തോട്ടംഭൂമിയുമൊക്കെ വ്യവസായത്തിനും വികസനത്തിനും പ്രയോജനപ്പെടുത്താവുന്ന വിധത്തിലുള്ള ഭൂനിയമപരിഷ്കാരവും ആലോചനയിലുണ്ട്.
ഇന്ധനവിലവർധനയുടെ പശ്ചാത്തലത്തിൽ നികുതിപരിഷ്കാരമുണ്ടാവുമോയെന്ന് കണ്ടറിയണം.
Content Highlights: CM V.D. Satheesan to present his first budget with a theme of 'Good Governance and Empathy'., Focus on fulfilling the 'Indira Guarantee' election promise., Potential increase in welfare pensions to 3000 rupees., Introduction of 'Silver Economy' concept for elderly welfare., Strategic focus on private-public partnerships, port cities, and aviation hubs to tackle financial crisis.
Published: 13 Jun 2026, 06:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented