തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ‌സ്ഥലവും തീയതിയും സർക്കാർ തീരുമാനിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

മന്ത്രി എം.ബി. രാജേഷിന്റെ സംവാദത്തിനുള്ള വെല്ലുവിളി സതീശൻ തള്ളി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള സംവാദത്തിന്റെ തീയതി എക്സൈസ് മന്ത്രി തീരുമാനിക്കട്ടെയെന്നും പറഞ്ഞു.മുഖ്യമന്ത്രി സംവാദത്തിനു വിളിച്ചാൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

സംവാദത്തിനുള്ള വെല്ലുവിളിയിൽ എം.ബി. രാജേഷിനെ പരിഹസിച്ച രമേശ്, രാജേഷ് അദ്ദേഹത്തെ തോൽപ്പിച്ച വി.കെ. ശ്രീകണ്ഠൻ എം.പി.യുമായി ചർച്ചനടത്തുന്നതാണ് നല്ലതെന്ന് പറഞ്ഞു. അതേസമയം വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വി.കെ. ശ്രീകണ്ഠനും ഒരുമിച്ചുവന്നാലും ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടിനൽകി. സംവാദത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നും മന്ത്രി പറഞ്ഞു.