തിരുവനന്തപുരം: ബ്രൂവറി, ഡിസ്റ്റിലറി ഇടപാടിൽ എപ്പോൾ തൊട്ടാലും പിണറായിസർക്കാരിന് പിഴയ്ക്കും. തട്ടിക്കൂട്ടുകമ്പനികൾക്ക് അനുമതിനൽകിയതാണ് 2018-ൽ ഒന്നാം പിണറായിസർക്കാരിനെ കുഴക്കിയത്. ഉത്തരവിൽ കടലാസുകമ്പനികളും ഉൾപ്പെട്ടതോടെ സർക്കാർ കുരുക്കിലായി. വിവാദമുയർന്നപ്പോൾ പിൻവലിച്ചു.
രണ്ടാം പിണറായിസർക്കാർ 2025 ജനുവരിയിലാണ് പാലക്കാട് എലപ്പുള്ളിയിൽ ഒയാസിസിന്റെ മദ്യനിർമാണപ്ലാന്റിന് അനുമതിനൽകിയത്. അപേക്ഷസ്വീകരിക്കുന്നത് സർക്കാർ പരസ്യപ്പെടുത്തിയില്ലെന്നതാണ് രഹസ്യ ഇടപാടെന്ന ആരോപണത്തിന് ബലമേകിയത്. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ, ഇടപാടിൽ സർക്കാരിന് പ്രത്യേകതാത്പര്യം ഉണ്ടായിരുന്നെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ്.
ആഭ്യന്തര മദ്യ ഉത്പാദനം വർധിപ്പിക്കുമെന്ന് മദ്യനയത്തിൽ മാറ്റംവരുത്തിയശേഷമാണ് എലപ്പുള്ളി ഇടപാടിന് സർക്കാർ പച്ചക്കൊടികാട്ടിയത്. ഒയാസിസ് മാത്രമാണ് അപേക്ഷിച്ചത്. ഡിസ്റ്റിലറിയും ബ്രൂവറിയും ഉൾപ്പെട്ട എഥനോൾ പ്ലാന്റ് എന്നായിരുന്നു രേഖകളിലുണ്ടായിരുന്നത്. സർക്കാർതീരുമാനം ഒരു കമ്പനിമാത്രം അറിഞ്ഞതെങ്ങനെയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. മദ്യനയത്തിലെ മാറ്റം എല്ലാവരുമറിയുന്ന കാര്യമാണ് എന്നായിരുന്നു സർക്കാരിന്റെ പ്രതിരോധം. തൊഴിലവസരങ്ങളും മദ്യ ഉത്പാദനംവഴിയുള്ള നികുതിയും ഉയർത്തിക്കാട്ടി സർക്കാർ ഇടപാടിനെ ന്യായീകരിച്ചു.
കുടിവെള്ളക്ഷാമത്തിന്റെപേരിൽ ഗ്രാമപ്പഞ്ചായത്ത് പദ്ധതിയെ എതിർത്തപ്പോൾ മഴവെള്ളസംഭരണിയിൽനിന്ന് വെള്ളംകണ്ടെത്താമെന്ന വാദവുമായി മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തിയിരുന്നു.
Content Highlights: brewery and distillary always headache for pinarayi government
Published: 20 Dec 2025, 04:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented