തിരുവനന്തപുരം: ബെവറജസ് ഷോപ്പുകളിലെ കൂളറുകളിൽ ബിയർ നിറയ്ക്കാൻ കമ്പനികൾ നിയോഗിച്ചിട്ടുള്ള ജീവനക്കാരെ വിലക്കി. കൂളർബോയ് എന്ന് വിളിക്കുന്ന ജീവനക്കാരെ ഷോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിനെയാണ് ബെവറജസ് സി.എം.ഡി. എം.ആർ. അജിത് കുമാർ വിലക്കിയത്.

To advertise here,

പ്രീമിയം ഷോപ്പുകളിൽ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള കൂളറുകളിൽ ഇവരാണ് ബിയർ നിറച്ചിരുന്നത്. മദ്യക്കമ്പനി സ്ഥാപിക്കുന്ന കൂളറുകളിൽ 40 ശതമാനം മറ്റ്‌ ബെവറജസ് നിർദേശിക്കുന്ന ബ്രാൻഡുകൾ വയ്ക്കണമെന്നാണ് നിബന്ധന. കമ്പനിപ്രതിനിധികൾ ബിയർ അടുക്കാൻ തുടങ്ങിയതോടെ ഈ വ്യവസ്ഥ ലംഘിച്ചു.

അവരവരുടെ കമ്പനിയുടെ ഉത്പന്നങ്ങൾ മാത്രം നിറച്ചുതുടങ്ങി. ഇതാണു പരാതിക്കു ഇടയാക്കിയത്. ഇവരെ വിലക്കിയ സാഹചര്യത്തിൽ ബെവറജസ് ജീവനക്കാർ ബിയർ അടുക്കേണ്ടിവരും. ജീവനക്കാർ കുറവുള്ള ഷോപ്പുകളിൽ ഇതു പ്രതിസന്ധിക്കിടയാക്കും.

മദ്യക്കമ്പനികളുടെ പ്രതിനിധികളെ ഷോപ്പുകളിൽ പ്രവേശിപ്പിക്കുന്നത് മുൻപെ വിലക്കിയിട്ടുണ്ട്. കമ്പനി ഉത്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ ഇവർ ജീവനക്കാരെ സ്വാധീനിക്കുന്നതു വ്യാപകമായ പശ്ചാത്തലത്തിലാണ് വിലക്കേർപ്പെടുത്തിയത്.