തിരുവനന്തപുരം: സബ്മിഷനും ശ്രദ്ധക്ഷണിക്കലിനും അവസരംനൽകി ഡെപ്യൂട്ടി സ്പീക്കർക്ക് നിയമസഭയിൽ ഇടപെടാൻ അവസരം ലഭിച്ചേക്കും. കന്നിബജറ്റ് ചർച്ചയിലാണ് ഇക്കാര്യത്തിൽ പൊതുധാരണയായത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അഭ്യർഥനയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുകൂലനിലപാട് എടുത്തതോടെ, അനുഭാവപൂർവം പരിഗണിക്കാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

To advertise here,

ഇക്കാര്യത്തിൽ സ്പീക്കറുടെ റൂളിങ് ഉണ്ടായേക്കും. സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാറുണ്ടെങ്കിലും വർഷത്തിൽ ഒരുതവണയേ ഡെപ്യൂട്ടി സ്പീക്കർക്ക് പ്രസംഗിക്കാൻ അവസരമുള്ളൂ. ബജറ്റ് ചർച്ചയ്ക്കു തുടക്കംകുറിച്ചാണിത്.

തിങ്കളാഴ്ച തന്റെ പ്രസംഗത്തിനുശേഷമാണ് മണ്ഡലത്തിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ സബ്മിഷനോ ശ്രദ്ധക്ഷണിക്കലോ അവതരിപ്പിക്കാനുള്ള അവസരം ഇല്ലെന്ന് ഷാനിമോൾ ചൂണ്ടിക്കാട്ടിയത്. ബജറ്റ് ചർച്ചയുടെ തുടക്കത്തിലല്ലാതെ ഡെപ്യൂട്ടി സ്പീക്കർ പ്രസംഗിക്കാൻ പാടില്ലെന്ന് നിയമസഭാ നടപടിക്രമങ്ങളിലില്ല. കീഴ്‌വഴക്കമേയുള്ളൂ.

എല്ലാ നിയമസഭാംഗങ്ങളെയുംപോലെ, മണ്ഡലത്തിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സബ്മിഷനും ശ്രദ്ധക്ഷണിക്കലിനും ഡെപ്യൂട്ടി സ്പീക്കർക്ക് അവസരമൊരുക്കണമെന്ന ആവശ്യം ന്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചർച്ചയിൽ പങ്കാളിയായില്ലെങ്കിലും പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചില്ല. തുടർന്ന്, സഭയുടെ പൊതുവികാരമാണെന്ന ധാരണയിൽ ഡെപ്യൂട്ടി സ്പീക്കർക്ക് അവസരമൊരുക്കുന്നത് പരിഗണിക്കാമെന്ന് സ്പീക്കർ അറിയിച്ചു.