തിരുവനന്തപുരം: രണ്ടുപതിറ്റാണ്ട് പഴക്കമുള്ള, കേരളത്തിലെ റാഗിങ് നിരോധന നിയമം പുതുക്കുന്നു. സാധാരണനിലയിൽ ഒരു കുട്ടി ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നതും ഇന്റർനെറ്റ്, ഇലക്‌ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ മാധ്യമം വഴിയുള്ള പീഡനവും ഇനി റാഗിങ്ങിന്റെ പരിധിയിൽവരും.

To advertise here,

ബോഡി ഷെയിമിങ്പോലുള്ള ശാരീരികവും മാനസികവുമായ അപമാനിക്കലും റാഗിങിന്റെ പരിധിയിൽവരും. ശിക്ഷയിലും വർധനയുണ്ടാകും. വ്യാജ പരാതികളാണെങ്കിൽ അതിനും ശിക്ഷയുണ്ട്. 2025-ലെ കേരള റാഗിങ് നിരോധന ഭേദഗതി ബില്ലിന്റെ കരട് തയ്യാറാക്കിയതിലാണ് ഇവയുള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം.

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നിലവിലെ നിയമം കൂടുതൽ കർക്കശമാക്കാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിലേതു കൂടാതെ പുറത്തും റാഗിങ്ങിന് നിരോധനമുണ്ടാകും.

ലഹരി ഉപയോഗിക്കാൻ ഭീഷണിപ്പെടുത്തലും റാഗിങ്

:നവാഗതരെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിക്കാൻ പ്രേരിപ്പിച്ചാലും അത് റാഗിങ്ങായി പരിഗണിക്കും. റാഗിങ്ങിന് പ്രേരിപ്പിക്കുന്നതും ഇതിനായി ഗൂഢാലോചന നടത്തുന്നതും നിയമത്തിന്റെ പരിധിയിൽവരും. കുറ്റകരമായ രീതിയിലുള്ള ബലപ്രയോഗം, മാനംകെടുത്തൽ, മുറിവേൽപ്പിക്കൽ, ലൈംഗികാതിക്രമം, അതിക്രമിച്ചുകടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയും റാഗിങ്ങാണ്.

നിരീക്ഷണസെല്ലും നോഡൽ ഓഫീസറും

:റാഗിങ് ഇല്ലാതാക്കുന്നതിന് ഒരു സംസ്ഥാനതല നിരീക്ഷണസമിതിയുണ്ടാക്കും. ഒരു നോഡൽ ഓഫീസറുടെ നേതൃത്വത്തിലാകും സമിതി.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മേധാവിയുടെ നേതൃത്വത്തിൽ റാഗിങ് വിരുദ്ധ സമിതി രൂപവത്കരിക്കണം. ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്റെ എസ്എച്ച്ഒ സമിതിയുടെ എക്‌സ് ഒഫിഷ്യോ അംഗമായിരിക്കും. അധ്യാപക, അനധ്യാപക, വിദ്യാർഥി, മാധ്യമപ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളായിരിക്കും. എല്ലാ സ്ഥാപനങ്ങളിലും ഒരു റാഗിങ് വിരുദ്ധ സ്ക്വാഡും മെന്ററിങ് സെല്ലും ഉണ്ടാകണം.

മൂന്നുവർഷം തടവും 25,000 രൂപയും ശിക്ഷ

:റാഗിങ് തെളിയിക്കപ്പെട്ടാൽ മൂന്നുവർഷംവരെ തടവും 25,000 രൂപവരെ പിഴയും ശിക്ഷയായി ലഭിക്കാം. സസ്പെൻഷൻ, പുറത്താക്കൽ, പ്രവേശനം റദ്ദാക്കൽ തുടങ്ങിയ നടപടികളും നേരിടേണ്ടിവരും. അതേസമയം, തെറ്റായ പരാതിയോ വിവരമോ നൽകിയാൽ ആറുമാസംവരെ തടവും പിഴയും ലഭിക്കാം.