തിരുവനന്തപുരം: കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് തസ്തികനഷ്ടം സംഭവിച്ച എയ്ഡഡ് സ്‌കൂൾ അധ്യാപകർക്കും സംരക്ഷണം നൽകാൻ സർക്കാർ. 2015 മുതൽ 2021 വരെ ജോലിനഷ്ടപ്പെട്ട 245 അധ്യാപകർക്ക് പുനർനിയമനം ഉറപ്പായി. ഇതിനുപുറമേ, ഇക്കാലയളവിൽ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കപ്പെട്ട 30,000 അധ്യാപകർ, കുട്ടികൾ കുറഞ്ഞാലും തസ്തികനഷ്ടം സംഭവിക്കാതെ തൊഴിൽ സുരക്ഷാവലയത്തിലായി.

To advertise here,

ജനനനിരക്കിലെ ഇടിവ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതും അധ്യാപക തസ്തികകൾ ഇല്ലാതാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിന്റെ സുപ്രധാന തീരുമാനം.

സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ കുറഞ്ഞാലും അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, എയ്ഡഡ് സ്‌കൂളിൽ 2015-16 അധ്യയനവർഷംമുതൽ ഇത്തരമൊരു അധ്യാപകസംരക്ഷണമില്ല. പത്തുവർഷത്തിനകം അഞ്ഞൂറിലേറെ അധ്യാപകർക്ക് ജോലി നഷ്ടമാവുകയും ചെയ്തു.

പ്രശ്‌നത്തിൽ ഭരണാനുകൂല അധ്യാപക സംഘടനകളുൾപ്പെടെ പരാതിയുമായി സർക്കാരിനെ സമീപിച്ചിരുന്നു. ജോലിനഷ്ടപ്പെട്ട അധ്യാപകരെ പുനർവിന്യസിക്കാൻ പലയിടങ്ങളിലായി മൂവായിരത്തിലേറെ ഒഴിവുകൾ ഉണ്ടെങ്കിലും സർക്കാർ അതു ചെയ്യുന്നില്ലെന്നായിരുന്നു സംഘടനകളുടെ പരാതി.

ഇതിലാണ് മന്ത്രിസഭ ഇപ്പോൾ അനുകൂല തീരുമാനമെടുത്തത്. ഒരിടത്ത് തസ്തിക ഇല്ലാതായാൽ, ആ അധ്യാപകരെ മറ്റേതെങ്കിലും സ്‌കൂളിൽ നിയമിക്കാൻ സ്‌കൂൾ മാനേജർമാരെ നിർബന്ധിതമാക്കുന്നതാണ് ഈ വ്യവസ്ഥ.