തിരുവനന്തപുരം: ബി. അശോകിനെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് വിശദീകരണമൊന്നും ചോദിക്കാതെ. മാറ്റത്തിൽ എതിർപ്പുള്ള അദ്ദേഹം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ എട്ടുവരെ ട്രിബ്യൂണൽ അവധിയാണ്. ഇതുകൂടി കണക്കിലെടുത്താണ് അശോകിനെ തിടുക്കത്തിൽ മാറ്റിയത്.

To advertise here,

കൃഷി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നേരത്തേ തദ്ദേശ ഓംബുഡ്സ്മാനായി മാറ്റിയതിനെ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റുകൂടിയായ അശോക് കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കോടതിനിർദേശത്തിന്റെയടിസ്ഥാനത്തിൽ കൃഷിവകുപ്പിൽത്തന്നെ തുടരുന്നതിനിടെയാണ് കേരപദ്ധതിയുമായി ബന്ധപ്പെട്ട വാർത്താചോർച്ച വിവാദം കത്തിപ്പടർന്നത്.

കാർഷികമേഖലയുടെ സമഗ്ര നവീകരണം ലക്ഷ്യമിട്ട് ആവിഷ്കരിച്ച 2365.48 കോടിയുടെ കേര പദ്ധതിയിൽ 1655 കോടിയുടെ ലോകബാങ്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിൽ 139 കോടിയുടെ ആദ്യ ഗഡു മാർച്ചിൽ ലോകബാങ്ക് അനുവദിച്ചെങ്കിലും ധനവകുപ്പ് അപ്പോൾ കൈമാറിയില്ല. ഇതാണ് മാധ്യമവാർത്തയായത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ലോകബാങ്ക് സംഘം സർക്കാരിൽനിന്ന് വിശദീകരണം തേടി. ഇതും മാധ്യമങ്ങളിൽവന്നു, പിന്നാലെ കൃഷിവകുപ്പിന് പണം കൈമാറി.

പി.ബി. നൂഹ് വാട്ടർ അതോറിറ്റി എംഡി

: അശോകിന്റെ നിയമനത്തെത്തുടർന്ന് പി.ബി. നൂഹിനെ കെടിഡിഎഫ്‌സി ചെയർമാന്റെ അധികച്ചുമതലയിൽനിന്ന് ഒഴിവാക്കി. പകരം വാട്ടർ അതോറിറ്റി എംഡിയുടെ അധികച്ചുമതല നൽകി.