തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് മൂന്ന് സീറ്റുകൾനേടി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. ഇത്തവണ ജയിച്ച നേമം, കഴക്കൂട്ടം, ചാത്തന്നൂർ സീറ്റുകളിൽ കഴിഞ്ഞ തവണ രണ്ടാമതെത്തി ബിജെപി മുന്നണികൾക്ക് മുന്നറിയിപ്പ് നൽകിയതായിരുന്നു. മൂന്ന് സീറ്റുകൾ പിടിച്ചതിനൊപ്പം ആറ് സീറ്റുകളിൽ ഇത്തവണ രണ്ടാമതെത്താനും നിരവധി മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിപ്പിക്കാനും ബിജെപിക്കായിട്ടുണ്ട്. എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്കപ്പുറത്തേക്കൊരു പാർട്ടിക്കുള്ള വളർച്ച ഏത് മുന്നണിയെ ആകും ക്ഷീണിപ്പിക്കുക എന്നതാകും കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ്. ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളിൽ ആരെയാണ് ക്ഷീണിപ്പിച്ചിരിക്കുന്നതെന്നാണ് ഇവിടെ കണക്കുകളിലൂടെ അവതരിപ്പിക്കുന്നത്.

To advertise here,

ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് രണ്ടാമതെത്തിയെന്നും ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് ഓർക്കണമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. എന്നാൽ ഈ മൂന്ന് മണ്ഡലങ്ങളും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇവിടങ്ങളിൽ എൽഡിഎഫിന്റെ വോട്ട് വിഹിതത്തിൽ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മൂന്നാം സ്ഥാനത്താണെങ്കിലും നേമത്ത് മാത്രമാണ് യുഡിഎഫിന് വോട്ട് കുറഞ്ഞത്. മറ്റ് രണ്ടിടങ്ങളിലും യുഡിഎഫിന് വോട്ട് വർധിക്കുകയാണ് ഉണ്ടായിട്ടുള്ളത്.

കഴക്കൂട്ടത്താണ് എൽഡിഎഫിന് ഏറ്റവുംകൂടുതൽ വോട്ട് ഇടിവ് സംഭവിച്ചത്. 2021-ൽ 63,690 വോട്ടുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് 2026-ൽ 46,136 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 17554 വോട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം മൂന്നാമതെത്തിയ യുഡിഎഫിന് മണ്ഡലത്തിൽ വോട്ടുകൾ വർധിക്കുകയാണ് ഉണ്ടായിട്ടുള്ളത്. 2021-ൽ 32,995 വോട്ടുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2026-ൽ 37,183 വോട്ടുകൾ യുഡിഎഫ് നേടി. 4,188 വോട്ടുകളുടെ (12.7%) വർദ്ധനവാണ് ഇവിടെ യുഡിഎഫിന് ലഭിച്ചത്. മണ്ഡലം പിടിച്ചെടുത്ത ബിജെപി സ്ഥാനാർഥി വി.മുരളീധരൻ 46564 വോട്ടുകളാണ് നേടിയത്. 2021-നെ അപേക്ഷിച്ച് 6,371 വോട്ടുകളുടെ വർധനവ്. 

ചാത്തന്നൂരിലും എൽഡിഎഫിന് ഗണ്യമായ വോട്ട് ചോർച്ചയുണ്ടായി. 2021-ൽ 59,296 വോട്ടുകൾ ലഭിച്ച സ്ഥാനത്ത് 2026-ൽ 47,525 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 11771 വോട്ടിന്റെ  ഇടിവ് ഇവിടെ സംഭവിച്ചു. അതേസമയം ഇവിടെ യുഡിഎഫിന്റെ വോട്ടുകളിൽ നേരിയ വർദ്ധനവ് ഉണ്ടായി. 2021-ൽ 34,280 വോട്ടുകൾ ലഭിച്ചിരുന്നിടത്ത് 2026-ൽ 35,276 വോട്ടുകൾ നേടാൻ അവർക്ക് കഴിഞ്ഞു. 996 വോട്ടുകളുടെ വർദ്ധനവ്. 2021-ൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി 2026ൽ 51,923 വോട്ടുകൾ നേടിയാണ് ഇവിടെ വിജയിച്ചത്. 9,833 വോട്ടുകളുടെ വർദ്ധനവാണ് (23.4%) ഇവിടെ ബിജെപിക്ക് ഉണ്ടായത്.

ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫിന് വോട്ട് കുറഞ്ഞ ഏക മണ്ഡലം നേമമാണ്. 2021-ൽ 36,524 വോട്ടുകൾ ലഭിച്ചിരുന്ന യുഡിഎഫിന് 2026-ൽ 29,730 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 6,794 വോട്ടുകളുടെ (18.6%) കുറവ് ഇവിടെ സംഭവിച്ചു. അതേസമയം 2021-ൽ 55,837 വോട്ടുകൾ ലഭിച്ച എൽഡിഎഫിന് 2026-ൽ 52,214 വോട്ടുകൾ ലഭിച്ചു. 3623 വോട്ടുകളുടെ കുറവ്. 51888 വോട്ടുണ്ടായിരുന്ന ബിജെപി 57192 ലേക്ക് എത്തുകയും ചെയ്തു.

ആറ്റിങ്ങൽ, തിരുവല്ല, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലാണ് ബിജെപി ഇത്തവണ രണ്ടാമതെത്തിയത്. ഇതിൽ തിരുവല്ല ഒഴികെ ബാക്കിയുള്ളയിടത്തെല്ലാം 2021-ലും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. തിരുവല്ലയാണ് ബിജെപിക്ക് ഇത്തവണ ശ്രദ്ധേയമായ നേട്ടം നൽകിയ മറ്റൊരു മണ്ഡലം.

2021ൽ 22,674 വോട്ടുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് 2026-ൽ ബിജെപി തിരുവല്ലയിൽ 43,078 വോട്ടുകൾ നേടി. അതായത് 20,404 വോട്ടുകളുടെ വലിയ വർദ്ധനവാണ് ഈ മണ്ഡലത്തിൽ അനൂപ് ആന്റണി ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെയും എൽഡിഎഫിനാണ് ഏറ്റവും കൂടുതൽ ക്ഷീണമുണ്ടാക്കിയിരിക്കുന്നത്. 20,155 വോട്ടുകളുടെ ഇടിവോടെ എൽഡിഎഫിന്റെ മാത്യു ടി തോമസ് സിറ്റിങ് എംഎൽഎ സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വർഗീസ് മാമ്മൻ 10146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

പാല, ദേവികുളം, കുണ്ടറ എന്നീ മണ്ഡലങ്ങളിലും എൻഡിഎ 2021നെ അപേക്ഷിച്ച് ശ്രദ്ധേയമായ വളർച്ച നേടി. അതേസമയം പൂഞ്ഞാറിൽ പി.സി.ജോർജ് ബിജെപിയിലെത്തിയത് എൻഡിഎ വോട്ട് വിഹിതം ഉയർത്തിയെങ്കിലും, പി.സി.ജോർജിന് നഷ്ടമാണ് ഉണ്ടാക്കിയത്. 2021-ൽ സ്വന്തം നിലക്ക് മത്സരിച്ച പി.സി.ജോർജ് 41851 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ ബിജെപിക്കൊപ്പം ചേർന്നിട്ടും 36172 വോട്ടുകളെ നേടാനായുള്ളൂവെന്നതാണ് കൗതുകം.

അതേസമയം ഷോൺ ജോർജിന് പാലായിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനായി. 2021-ൽ പാലായിൽ ബിജെപിക്കായി ജെ.പ്രമീളാദേവി മത്സരിച്ചപ്പോൾ 10869 വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാലിത്തവണ ഷോൺ ജോർജ് അത് 35304 ആയി ഉയർത്തി. 24,435 വോട്ടുകളുടെ വളർച്ചയാണ് ബിജെപി പാലായിലുണ്ടാക്കിയിരിക്കുന്നത്. അതേസമയം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് വിഹതത്തിൽ ഇടിവുണ്ടായി. മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ചെങ്കിലും 2021നെ അപേക്ഷിച്ച് 19,005 വോട്ടുകളാണ് യുഡിഎഫിന് കുറഞ്ഞത്. എൽഡിഎഫിന് 6610 വോട്ടുകളും കുറഞ്ഞു.

ദേവികുളമാണ് എൻഡിഎ കുതിപ്പ് നടത്തി മറ്റൊരു മണ്ഡലം. സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ സ്ഥാനാർഥിത്വമാണ് ബിജെപിക്ക് ഗുണം ചെയ്തത്. രാജേന്ദ്രനൊപ്പം എൽഡിഎഫ് വോട്ടുകളുടെ നല്ലൊരു വിഹിതവും ബിജെപിയിലേക്കെത്തി. 2021ൽ വെറും 4,717 വോട്ടുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2026-ൽ ബിജെപിക്കായി മത്സരിച്ച എസ്.രാജേന്ദ്രൻ 15,032 വോട്ടുകൾ നേടി. 2021നെ അപേക്ഷിച്ച് 13,692 വോട്ടുകളുടെ (23.2%) ഇടിവ് എൽഡിഎഫിന് ഇവിടെ സംഭവിച്ചു. അതേസമയം 611 വോട്ടിന്റെ കുറവ് യുഡിഎഫിനുണ്ടായെങ്കിലു മണ്ഡലം പിടിച്ചെടുക്കാൻ സാധിച്ചു. 5,233 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി എഫ്.രാജ ഇവിടെ വിജയം നേടിയത്.

വോട്ട് വളർച്ചയിൽ എൻഡിഎ വലിയ മുന്നേറ്റം നടത്തിയ മറ്റൊരു മണ്ഡലമാണ് കുണ്ടറ. 2021-ൽ വെറും 6,097 വോട്ടുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് 2026-ൽ 18,996 വോട്ടുകൾ നേടാൻ അവർക്ക് കഴിഞ്ഞു. 2021-ൽ ബിഡിജെഎസ് ആണ് മത്സരിച്ചതെങ്കിൽ ഇത്തവണ ബിജെപി റോബിൻ രാധാകൃഷ്ണനെയാണ് കളത്തിലിറക്കിയത്. ഇവിടെയും എൽഡിഎഫിന്റെ വോട്ടുകളാണ് ഇടിഞ്ഞത്. 2021നെ അപേക്ഷിച്ച് 16,589 വോട്ടുകളുടെവലിയ ഇടിവാണ് എൽഡിഎഫിന് ഇവിടെ ഉണ്ടായത്. മണ്ഡലം നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി പി.സി.വിഷ്ണുനാഥ് 2021നെ അപേക്ഷിച്ച് 11521 വോട്ടുകൾ വർധിപ്പിച്ചു.

കരുനാഗപ്പള്ളി,സുൽത്താൻബത്തേരി,ഒറ്റപ്പാലം,വർക്കല,ഗുരുവായൂർ തുടങ്ങിയ മണ്ഡലങ്ങളിലും ബിജെപിക്ക് ഗണ്യമായ വോട്ട് വർധനവ് ഉണ്ടായിട്ടുണ്ട്.

കരുനാഗപ്പള്ളിയിൽ 2021ൽ 12,144 വോട്ടുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് 2026-ൽ 32,121 വോട്ടുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞു. ഇവിടെ യുഡിഎഫിന് 11339 വോട്ടുകളുടെയും എൽഡിഎഫിന് 8861 വോട്ടുകളുടെയും ഇടിവ് സംഭവിച്ചിട്ടുണ്ട്. 2021ൽ 15,198 വോട്ടുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് 2026-ൽ 31,308 വോട്ടുകൾ നേടാൻ എൻഡിഎയ്ക്ക് കഴിഞ്ഞു. 2021-ൽ സി.കെ.ജാനുവായിരുന്നു മത്സരിച്ചിരുന്നത്. ജാനു മുന്നണി വിട്ടെങ്കിലും എൻഡിഎയ്ക്ക് അത് ക്ഷീണം ചെയ്തില്ല. യുഡിഎഫിന് 4066 വോട്ടുകളും എൽഡിഎഫിന് 8555 വോട്ടുകളുടെയും ഇടിവ് ഇവിടെ ഉണ്ടായിട്ടുണ്ട്.

ഒറ്റപ്പാലത്ത് 2021ൽ 25,056 വോട്ടുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് 2026-ൽ 42,476 വോട്ടുകൾ നേടാൻ ബിജെപിക്ക് സാധിച്ചു. 17,420 വോട്ടുകളുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ മണ്ഡലത്തിൽ എൽഡിഎഫ് വോട്ടിൽനേരിയ വർദ്ധനവ് ഉണ്ടായപ്പോൾ യുഡിഎഫ് വോട്ടുകൾ ഗണ്യമായി കുറഞ്ഞു. 11122 വോട്ടുകളാണ് 2021നെ അപേക്ഷിച്ച് യുഡിഎഫിന് ഒറ്റപ്പാലത്ത് നഷ്ടമായത്. സിപിഎമ്മിൽനിന്നെത്തി പി.കെ.ശശിയെ ആണ് യുഡിഎഫ് സ്ഥാനാർഥി ആക്കിയിരുന്നത്. 2021-ൽ പി.സരിനായിരുന്നു യുഡിഎഫിനായി ഇവിടെ മത്സരിച്ചിരുന്നത്. മേജർ രവിയാണ് ഇത്തവണ ഇവിടെ ബിജെപിക്കായി മത്സരിച്ചത്.

വർക്കലയിൽ 2021ൽ ലഭിച്ച 11,214 വോട്ടുകളിൽ നിന്ന് 27,400 വോട്ടുകളായി എൻഡിഎ നില മെച്ചപ്പെടുത്തി. എൽഡിഎഫിന്റെ ഭൂരിപക്ഷത്തിൽ കനത്ത ഇടിവാണ് മണ്ഡലത്തിലുണ്ടായത്. എൽഡിഎഫിന് ഇത്തവണ 13451 വോട്ടുകൾ നഷ്ടമായപ്പോൾ യുഡിഎഫിന് 2320 വോട്ടുകൾ വർധിക്കുകയാണ് ഉണ്ടായിട്ടുള്ളത്.

നേട്ടങ്ങൾക്കിടയിലും ചില മണ്ഡലങ്ങളിൽ ബിജെപി വോട്ടുകളിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കോന്നി, തൃശ്ശൂർ,കുന്നംകുളം,തൊടുപുഴ എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയ്ക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞത്. ഏറ്റവും വലിയ വോട്ട് ചോർച്ച ഉണ്ടായത് കോന്നിയിലാണ്. 2021ൽ 32,811 വോട്ടുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2026-ൽ 15,278 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 17,533 വോട്ടുകളുടെ കുറവാണ് ഇവിടെ ഉണ്ടായത്. തൃശ്ശൂരിൽ 2021നെ അപേക്ഷിച്ച് 11795 വോട്ടുകൾ കുറഞ്ഞു. കുന്നംകുളത്ത് 10729 വോട്ടുകളുടെ കുറവ് എൻഡിഎയ്ക്കുണ്ടായി. തൊടുപുഴയിൽ 8,584 വോട്ടുകൾ കുറഞ്ഞു.

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മത്സരിച്ച കാഞ്ഞിരപ്പള്ളിയിലും ബിജെപി വോട്ടുകളിൽ ഇടിവുണ്ടായി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 2021-ൽ അൽഫോൺസ് കണ്ണന്താനം മത്സരിച്ചപ്പോൾ ബിജെപി 29157 വോട്ട് പിടിച്ചപ്പോൾ ഇത്തവണ മണ്ഡലത്തിൽ ജോർജ് കുര്യന് 26984 വോട്ടുകളെ നേടാനായുള്ളൂ.

എൻഡിഎയ്ക്ക് വോട്ട് കുറഞ്ഞ മറ്റുമണ്ഡലങ്ങൾ ( 2021 നെ അപേക്ഷിച്ച് 2026ൽ ഇടിവ് വന്ന വോട്ടുകൾ)

തൃക്കരിപ്പൂർ-3,124 വോട്ടുകൾ

പയ്യന്നൂർ-2,876

മട്ടന്നൂർ-408

പേരാവൂർ-923

എലത്തൂർ-500

തിരുവമ്പാടി-414

വണ്ടൂർ -1,039

പെരിന്തൽമണ്ണ-781

തിരൂർ 463

കോട്ടക്കൽ-468

ഷൊർണൂർ- 3,709

കോങ്ങാട് -2,736

മലമ്പുഴ -1,292

പാലക്കാട്-1,168

ആലത്തൂർ-1,002

ഒല്ലൂർ-2,558

ഇരിഞ്ഞാലക്കുട-7,162

പുതുക്കാട്-6,875

ചാലക്കുടി 1,271

കൊടുങ്ങല്ലൂർ 4,271

ഏറ്റുമാനൂർ 771

പുതുപ്പള്ളി 150

കാഞ്ഞിരപ്പള്ളി 2,173

ആലപ്പുഴ-6,277

അമ്പലപ്പുഴ-6,041

മാവേലിക്കര-7,755

ചെങ്ങന്നൂർ-3,551

ചവറ 3,199

കൊട്ടാരക്കര 559

പത്തനാപുരം 5,333

പുനലൂർ 4,676,

ചടയമംഗലം 1,267

വട്ടിയൂർക്കാവ് 2,383

റാന്നി- 1594