തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വിവാദത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവെക്കില്ല. ചൊവ്വാഴ്ച രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായില്ല. വിഷയം കുടുംബപ്രശ്‌നമാണെന്നും മന്ത്രിയും ഭാര്യയും ഒത്തുതീർപ്പിലെത്തിയെന്നുമുള്ള വിലയിരുത്തലിലാണ് വിഷയം ചർച്ചയാകാതിരുന്നതെന്നാണ് സൂചന.

To advertise here,

നേരത്തേ ഗണേഷ് കുമാർ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞതായും പരാതി നൽകാനില്ലെന്നും വിവാദവുമായി മുന്നോട്ടുപോകാനില്ലെന്നും മന്ത്രിയുടെ ഭാര്യ ബിന്ദു മേനോനും വ്യക്തമാക്കിയിരുന്നു. അതേസമയം, രാജി അഭ്യൂഹം മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചു. കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

മന്ത്രിയെ മറ്റൊരു സ്ത്രീക്കൊപ്പം വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നും മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ മൊബൈൽഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ചിരുന്നത്. സംഭവത്തിൽ പോലീസ് സഹായം തേടിയിട്ടും പോലീസ് സ്ഥലത്തെത്തി ഇടപെടാതെ മടങ്ങിയെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിരുന്നു. ഇതോടെയാണ് മന്ത്രിക്കെതിരേ പ്രതിഷേധം ശക്തമായത്. തുടർന്ന് ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയാകുമെന്നും മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ടായി. വിഷയം ഉന്നയിക്കുമെന്ന് സിപിഐ മന്ത്രിമാരും പറഞ്ഞിരുന്നു. ഗണേഷിനെ സംരക്ഷിക്കേണ്ടതില്ലെന്ന് എൽഡിഎഫ് നേതാക്കളും നിലപാടെടുത്തു.

എന്നാൽ, ചൊവ്വാഴ്ച രാവിലെ പതിവുപോലെ ഗണേഷ് കുമാർ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാനെത്തി. ഇതിന് തൊട്ടുമുൻപാണ് ഗണേഷ് മാപ്പ് പറഞ്ഞതായി ബിന്ദു മേനോനും അറിയിച്ചത്. പരാതിയുമായി മുന്നോട്ടുപോകാനില്ലെന്നും വിവാദങ്ങൾക്കില്ലെന്നും അവർ വ്യക്തമാക്കി. ഇതോടെ വിഷയം കുടുംബപ്രശ്‌നമെന്ന രീതിയിൽ അവസാനിച്ചെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയാകാതിരുന്നതെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതായും സൂചനയുണ്ട്.

അതേസമയം, മന്ത്രിസഭാ യോഗത്തിനുശേഷം കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസിയുടെ കീഴിലുള്ള ആശുപത്രിയുടെ ഉദ്ഘാടനത്തിനായി ഗണേഷ് കുമാറെത്തി. പാർട്ടി പ്രവർത്തകർ മന്ത്രിയെ മുദ്രാവാക്യം മുഴക്കി സ്വീകരിച്ചു. ''ഗണേഷ്‌കുമാർ മുന്നോട്ട്, കേരള ജനത പിന്നാലെ, ജനകീയമന്ത്രിക്ക് അഭിവാദ്യങ്ങൾ'' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് കേരള കോൺഗ്രസ്(ബി) പ്രവർത്തകർ മന്ത്രിയെ സ്വീകരിച്ചത്. മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും മന്ത്രി മറുപടിയൊന്നും പറയാതെ നടന്നുനീങ്ങുകയായിരുന്നു.