നീലേശ്വരം: നിരാശയില്ലാത്ത പ്രതീക്ഷയാണ് കരിന്തളം കുണ്ടൂർഗ്രാമം മുന്നോട്ടുവെക്കുന്നത്. അമ്പലം, പള്ളി, അങ്കണവാടി തുടങ്ങി എല്ലാം ഇവിടെ ഉണ്ട്. ‘കളിക്കാൻ ഒരു കളിക്കളം കൂടി വേണ’മെന്ന ആവശ്യം കുട്ടികൾ ഉന്നയിച്ചപ്പോൾ അതിനായി കൈമെയ് മറന്ന് നാട് ഒന്നിച്ചു. ആദ്യം സ്ഥലം കണ്ടെത്തി. ധനസമാഹരണത്തിനായി തട്ടുകടമുതൽ മത്സ്യവില്പനവരെ നടത്തി. നാട്ടിലെ എല്ലാ മേഖലയിലുള്ളവരും ഇതിനായി ഒത്തുചേർന്നു. അഞ്ചുമാസംകൊണ്ട് 10 ലക്ഷം രൂപ ഇവർ സമാഹരിച്ചു. ഇനി അഞ്ചുലക്ഷം കൂടി കണ്ടെത്തേണ്ടതുണ്ട്.

To advertise here,

കുണ്ടൂരിലെ ഒരു വ്യക്തിയിൽനിന്ന്‌ 30 സെന്റ് സ്ഥലം വാങ്ങിയാണ് നാടിനായി കളിക്കളം നിർമിക്കുന്നത്. സെന്റിന് 40,000 രൂപ വിപണിവിലയുള്ള സ്ഥലം വ്യക്തി 30,000 രൂപയ്ക്കാണ് നൽകുന്നത്. കുട്ടികളുടെയും കുണ്ടൂർഗ്രാമത്തിന്റെയും കളിക്കളമെന്ന സ്വപ്നം ജനുവരി 31-ന് സാധ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് നാട്. ഒന്നാംഘട്ടത്തിൽ നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ചു. തുടർന്ന് നാട്ടുകാർ അവർക്ക് കഴിയുംവിധത്തിൽ സംഭാവന നൽകി. 500 മുതൽ 25,000 രൂപവരെ നൽകിയവരുണ്ട്.

രണ്ടാംഘട്ടത്തിൽ ഗ്രാന്മ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചക്ക ചിപ്സ് നിർമിച്ച്‌ വില്പന നടത്തി 22,000 രൂപ സമാഹരിച്ചു. യുവാക്കൾ കുണ്ടൂർ ഗെയിം ഫെഡറേഷൻ (കെജിഎഫ്) എന്ന പേരിൽ ക്ലബ് രൂപവത്കരിച്ചു. ഇവരുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. നൂറോളം യുവാക്കൾ ചേർന്ന് ബിരിയാണി ഉണ്ടാക്കി വിറ്റു. ഇതുവഴി 72,000 രൂപ ലാഭം കിട്ടി. വീടുകളിൽനിന്ന്‌ പാഴ്‌വസ്തുക്കൾ ശേഖരിച്ച്‌ വിറ്റു.

മുക്കട പാലത്തിനു സമീപം ‘സൺഡേ ഫുഡ്‌ പോയിന്റ്’ തട്ടുകകടയും തുറന്നു. എല്ലാ ഞായറാഴ്ചയും വൈകീട്ട് മൂന്നുമുതൽ പത്തുവരെയാണ് പ്രവർത്തനം. ഒരോ ആഴ്ചയും കുടുംബശ്രീ, ഡിവൈഎഫ്ഐ, പുരുഷസംഘങ്ങൾ തുടങ്ങി ഓരോ കൂട്ടായ്മകൾ ഇത് ഏറ്റെടുക്കും. തട്ടുകടയ്ക്ക് സമീപത്തായി വിവിധ കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾ സമ്മാനത്തുക കളിക്കളം ധനസമാഹരണത്തിന് നൽകും.

മടക്കരയിൽനിന്ന്‌ 70,000 രൂപയുടെ മത്സ്യം വാങ്ങി നാട്ടുകാരുടെ നേതൃത്വത്തിൽ വില്പന നടത്തി. ഇതുവഴി 30,000 രൂപ കണ്ടെത്തി. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ അച്ചാർ വില്പന നടത്താനുള്ള പ്രാരംഭ പ്രവർത്തനങ്ങളിലാണിവർ. എം. ചന്ദ്രൻ രക്ഷാധികാരിയും വി. അമ്പുഞ്ഞി ചെയർമാനും എൻ. വിനോദ് വർക്കിങ് ചെയർമാനും വി.ജി. അനീഷ് കൺവീനറുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.