കണ്ണൂർ; കണ്ണൂരിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരും എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ കടുത്ത സംഘർഷം. പോസ്റ്റർ നശിപ്പിച്ചുവെന്നാരോപിച്ച് യൂത്ത്‌കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

To advertise here,

രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പയ്യന്നൂരിൽ സത്യഗ്രഹം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ച പോസ്റ്ററുകൾ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ചാണ് സംഘർഷം ആരംഭിച്ചത്.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർ ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തിയപ്പോൾ വീണ്ടും സംഘർഷം ഉണ്ടായി. പിന്നീട് അത് കല്ലേറിൽ കലാശിച്ചു. പോലീസെത്തി ഏറെ പണിപ്പെട്ടാണ് ബഹളം അവസാനിപ്പിച്ചത്. ഇരുകൂട്ടർക്കുമെതിരേ കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.