കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി. അധികാരത്തിൽവന്നാൽ ഗുണ്ടകളേയും പീഡകരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് നിലനിൽക്കുന്നത് ജംഗിൾ രാജാണ്. ഭരണത്തിന്റെ പ്രധാന ഇരകൾ സ്ത്രീകളാണ്. തൃണമൂൽ കോൺഗ്രസ് ‘മാ, മാട്ടി, മാനുഷ്’ (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന അതിന്റെ സ്ഥാപക മുദ്രാവാക്യത്തെ വഞ്ചിച്ചെന്നും മോദി പറഞ്ഞു. നോർത്ത് 24 പർഗാനാസിലെ ബംഗാവോണിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
സന്ദേശ്ഖലിയിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തുന്ന മേയ് നാലിന് ശേഷം കുറ്റവാളികൾക്ക് രക്ഷയുണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകി. സ്ത്രീകൾക്ക് സുരക്ഷയും അവസരങ്ങളുമാണ് ബി.ജെ.പി.യുടെ മുൻഗണന. അധികാരത്തിൽവന്നാൽ സ്ത്രീകൾക്ക് പ്രതിവർഷം 36,000 രൂപയും സർക്കാർ ജോലികളിൽ 33 ശതമാനം സംവരണവും ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെ ശമ്പള വർധന, ഗർഭകാലത്ത് 21,000 രൂപയുടെ സഹായം, ബിരുദ പഠനത്തിന് പെൺകുട്ടികൾക്ക് 50,000 രൂപ എന്നിങ്ങനെയുള്ള ക്ഷേമപദ്ധതികളും അദ്ദേഹം വാഗ്ദാനംചെയ്തു.
സ്ത്രീകൾക്ക് അഞ്ചുലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയും ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുകൾക്ക് 80 ശതമാനം ഡിസ്‌കൗണ്ടും ബിജെപി വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. സ്ത്രീകളുടെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി 20 ലക്ഷം രൂപവരെ ബാങ്ക് വായ്പ ഉറപ്പാക്കും. അത് മോദിയുടെ ഗ്യാരണ്ടിയാണ്. ഇതിലൂടെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിവർഷം ഒരുലക്ഷം രൂപയിലധികം വരുമാനം നേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിലെ കായികരംഗത്തെ തൃണമൂൽ കോൺഗ്രസ് നശിപ്പിച്ചെന്നും കുറച്ച് മാസങ്ങൾക്ക് മുമ്പ് കൊൽക്കത്ത സ്റ്റേഡിയത്തിലുണ്ടായ വിവാദങ്ങൾ ഈ അരാജകത്വത്തിന്റെ ഫലമാണെന്നും ലയണൽ മെസ്സിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തെ മുൻനിർത്തി മോദി ആരോപിച്ചു. 'ഖേലോ ഇന്ത്യ' പദ്ധതിയിലൂടെ ബംഗാളിലെ കായിക സംസ്‌കാരം വീണ്ടെടുക്കും. യുവാക്കളുടെ സർഗാത്മകതയെയും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ മേഖലയെയും ബി.ജെ.പി. പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 29-നാണ് ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് നാലിന് നടക്കും. ഒന്നാംഘട്ടത്തിൽ 91.78 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
Content Highlights: PM Modi labels TMC governance as 'Jungle Raj' citing safety concerns for women
Published: 26 Apr 2026, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented