കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു. യുവാവിനായി തിരച്ചില്‍ തുടരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ എട്ടോടെ മുപ്പത്തഞ്ചുകാരിയായ ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്ച കിട്ടിയതായി ബേക്കല്‍ പോലീസ് അറിയിച്ചു.

To advertise here,

വളപട്ടണം പോലീസ് പറയുന്നതിങ്ങനെ: പന്തല്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് ഭര്‍തൃമതി കണ്ണൂരിലെത്തിയത്. വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഞായറാഴ്ച അര്‍ധരാത്രിയോടെ അവര്‍ വളപട്ടണം പാലത്തിലെത്തി. വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തില്‍നിന്ന് ആണ്‍സുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി. അതിനിടെ തോണിയില്‍ മീന്‍പിടിക്കുകയായിരുന്നവര്‍ അവശനിലയില്‍ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പോലീസില്‍ വിവരമറിയിച്ചു. പ്രാഥമികചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത യുവതിയെ ബേക്കല്‍ പോലീസ് കൊണ്ടുപോയി കോടതിയില്‍ ഹാജരാക്കി. യുവാവിനായി അഗ്‌നിരക്ഷാസേനയും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വളപട്ടണം പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)