കണ്ണൂർ: തിരഞ്ഞെടുക്കപ്പെട്ടവർ ജയിലിൽ കിടക്കുന്നതിനാൽ സത്യപ്രതിജ്ഞ മുടങ്ങിയ ജില്ലയിലെ രണ്ട് നഗരസഭാ വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദായേക്കും. പയ്യന്നൂരിൽ ജയിച്ച എൽഡിഎഫ് സ്ഥാനാർഥി വി.കെ. നിഷാദ്, തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥിയായി ജയിച്ച യു. പ്രശാന്ത് എന്നിവരുടെ കൗൺസിലർ സ്ഥാനമാണ് തുലാസിലായത്. ഇരുവരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യരാക്കപ്പെടുകയും ചെയ്യും. ഇവർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് നഗരസഭ സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. കമ്മിഷനാണ് തുടർനടപടി സ്വീകരിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട തീയതിമുതൽ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടുകയും സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മിഷൻ പ്രഖ്യാപിക്കുകയും ചെയ്യും.

To advertise here,

പയ്യന്നൂർ നഗരസഭ 46-ാം വാർഡിൽ മത്സരിക്കുന്നതിനിടയിലാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വി.കെ. നിഷാദിനെ 20 വർഷം തടവിനും 2.5 ലക്ഷം രൂപ പിഴയടക്കാനും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവ് 10 വർഷം അനുഭവിച്ചാൽ മതി. പോലീസുദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ശിക്ഷ. നാമനിർദേശപത്രിക നൽകിയശേഷമാണ് വിധി വന്നതെന്നതിനാൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടായില്ല. പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ നവംബർ 24-നാണ് കുറ്റക്കാരനായി കണ്ടെത്തിയത്. ഇവിടെ ഡമ്മി സ്ഥാനാർഥിയായ സിപിഎം നേതാവ് പത്രിക പിൻവലിച്ചിരുന്നില്ല.

ജയിലിൽക്കിടന്ന് മത്സരിച്ച നിഷാദ് 341 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. ശിക്ഷിക്കപ്പെട്ട ഉടനെ പരോൾ അനുവദിച്ചത് സത്യപ്രതിജ്ഞ ചെയ്യാനാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. 11-നാണ് നിഷാദ് വീണ്ടും ജയിലിൽ എത്തിയത്. അധികൃതർക്കിടയിലും ആശയക്കുഴപ്പമുള്ളതിനാലാണ് സത്യപ്രതിജ്ഞയെക്കുറിച്ച് ആലോചിക്കാതിരുന്നത്. വിധിക്കെതിരേ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

തലശ്ശേരി നഗരസഭയിലെ 37-ാം വാർഡിൽ നിന്ന് 121 വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെ സിപിഎം പ്രവർത്തകന്റെ വീടാക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് തലശ്ശേരി അഡീഷണൽ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുൻപ് പ്രശാന്ത് ജയിലായി. വിവിധ വകുപ്പുകൾ പ്രകാരം 36 വർഷവും ആറുമാസവും തടവും 1.4 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തടവ് 10 വർഷം അനുഭവിച്ചാൽ മതി. തിരഞ്ഞെടുപ്പ് റദ്ദാക്കിയാൽ രണ്ടിടത്തും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.