ചാലോട്: വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി വൈകി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്.

To advertise here,

കണ്ണൂർ അലവിൽ കോളനി ഗേറ്റിന് സമീപം മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ സ്വദേശി മുഹമ്മദ് റിസ്വാൻ (23), ഉത്തർപ്രദേശ് നോയിഡയിലെ പരം ഛേത്രി (22), ഹൈദരാബാദ് സ്വദേശി ഹർഷ സത്തുരി (22) എന്നിവർ അപകടം നടന്ന വെള്ളിയാഴ്ചതന്നെ മരിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി 11.20-ഓടെ മട്ടന്നൂർ-കണ്ണൂർ വിമാനത്താവളം റോഡിൽ കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഷാനിന്റെ പിതാവിന്റെ സഹോദരന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽനിന്ന് ഉച്ചയോടെ പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തവാർത്ത ബന്ധുക്കളെ തേടിയെത്തിയത്.

ബെംഗളൂരുവിലെ ബി.എം.എസ്. കോളേജിൽ ബി.ടെക്. എയ്റോസ്‌പേസ് എൻജിനിയറിങ് അവസാനവർഷ വിദ്യാർഥികളായ ഇവരിൽ ഷാൻ സിറാജ് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ രണ്ടുമാസം മുൻപാണ് ബെംഗളൂരുവിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. പഠനകാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ.

നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് പൂർണമായും തകർന്നു. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. തുടർന്ന് മട്ടന്നൂർ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തുവച്ചും മറ്റുള്ളവർ ആസ്പത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. കാർ ഓടിച്ചിരുന്നത് പരം ഛേത്രിയാണെന്ന് പോലീസ് പറഞ്ഞു.

മരിച്ച ഷാൻ സിറാജ് അലവിൽ കോളനി ഗേറ്റിലെ സിറാജിന്റെയും ഷംനയുടെയും മകനാണ്. സഹോദരി സമീൻ വിദ്യാർഥിയാണ്. മുഹമ്മദ് റിസ്വാൻ കാഞ്ഞങ്ങാട് അരയികണ്ടം കുട്ടിച്ചാൽ സ്വദേശി ബഷീറിന്റെയും റീനത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ഷെബിൻ ഫയാസ് (മംഗളൂരു യേനപ്പോയ കോളേജ് നഴ്‌സിങ് വിദ്യാർഥി), ഹിന ഫാത്തിമ.

സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. വാഹനത്തിന്റെ അമിതവേഗമാണോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് ഇടയാക്കിയത് എന്നതിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് പറഞ്ഞു. യു.പി. രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഷാൻ സിറാജിന്റെയും മുഹമ്മദ് റിസ്വാന്റെയും മൃതദേഹങ്ങൾ കണ്ണൂർ സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ മയ്യത്ത് പരിപാലന നടപടികൾ പൂർത്തിയാക്കി വൈകീട്ടോടെ കബറടക്കി.

മരണവീടായി മൈലാഞ്ചിക്കല്യാണം നടക്കേണ്ടിടം

കണ്ണൂർ: 'ഉമ്മാ, അരമണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിലെത്തും. കൂടാളി എത്താറായി. ഞാൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞില്ലേ, എന്റെ നാല് കൂട്ടുകാരും വരുന്നുണ്ടെന്ന്. എനിക്കും അവർക്കും കഴിക്കാൻ ബിരിയാണി വേണം.' വെള്ളിയാഴ്ച രാത്രി 10.45-ഓടെ കൂടാളി കുംഭത്ത് നടന്ന അപകടത്തിൽ മരിച്ച ഷാൻ സിറാജിന്റെ അവസാന വാക്കുകളാണിത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഉമ്മ ഷംനയെ ഫോൺ വിളിച്ചിരുന്നു. ഞായറാഴ്ച ഷാന്റെ പിതൃസഹോദരന്റെ മകൾ ഫിസ റിയാസിന്റെ വിവാഹമാണ്. അതിൽ പങ്കെടുക്കാനായി സുഹൃത്തുക്കളുമായി ബെംഗളൂരുവിൽനിന്ന് കാറിൽ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം.

അഴീക്കോട് ചക്കരപ്പാറ ബദുലുൽ ജുമാമസ്ജിദിന് സമീപമാണ് ഷാന്റെ വീട്. രണ്ട് വീടിനിപ്പുറമാണ് വിവാഹവീട്. അതുകൊണ്ട് ബന്ധുക്കളെല്ലാം വിവാഹ വീട്ടിലുണ്ടായിരുന്നു. രാത്രി ഏറെ വൈകിയതുകൊണ്ടും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ വീട്ടിലുണ്ടായതുകൊണ്ടും ഷാൻ വിളിച്ചു പറയുമ്പോൾ വീട്ടിൽ ഭക്ഷണം തീർന്നിരുന്നു. ഇതോടെ ബന്ധുക്കൾ കണ്ണൂരിലെത്തി ഭക്ഷണം വാങ്ങിക്കൊണ്ടുവന്നു. അരമണിക്കൂർ കൊണ്ട് വീട്ടിലെത്തുമെന്ന് ഫോൺ വിളിച്ചറിയിച്ച ഷാൻ മണിക്കൂർ കഴിഞ്ഞിട്ടും എത്താതായപ്പോൾ ഉപ്പ സിറാജ് തിരിച്ചുവിളിച്ചു. ആദ്യ വിളിയിൽ ഫോൺ റിങ് ചെയ്‌തെങ്കിലും ആരും എടുത്തില്ല. രണ്ടാമതും വിളിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥനാണ് ഫോണെടുത്തത്. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി. കൂടാളിയിൽ ഒരപകടം നടന്നുവെന്നും പരിക്കേറ്റ ഷാനും സുഹൃത്തുക്കളും ചാലയിലെ സ്വകാര്യ ആസ്പത്രിയിലുണ്ടെന്നും നിങ്ങൾ അവിടെയെത്തണമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നെഞ്ച് പിടഞ്ഞ് പിതാവും വീട്ടുകാരും സുഹൃത്തുക്കളും ആസ്പത്രിയിലേക്കെത്തി. അത്യാഹിതവിഭാഗത്തിൽ എത്തിയപ്പോഴാണ് ഷാൻ ചേതനയറ്റ് കിടക്കുന്നത് കണ്ടത്. തളർന്നുവീണ ആ പിതാവിനെ ആരൊക്കെയോ താങ്ങി ആസ്പത്രിയിൽനിന്ന് മാറ്റുകയായിരുന്നു.

കല്യാണവീട്ടിൽ ഷാൻ അവസാനമായി എത്തി

പിതൃസഹോദരന്റെ മകൾ ഷാനിന് ഏറെ പ്രിയപ്പെട്ടവളായിരുന്നു. അവളുടെ കല്യാണം ഗംഭീരമാക്കണമെന്ന് സുഹൃത്തുക്കളോട് പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഇതിനാണ് കൂടെ ജോലിചെയ്യുന്ന ഉത്തരേന്ത്യയിലുള്ള സുഹൃത്തുക്കളെയടക്കം വിളിച്ച് കല്യാണത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടത്. കൂടെയുള്ള സുഹൃത്തുക്കളെ വീട്ടുകാർക്ക് നേരിട്ട് പരിചയമില്ലെങ്കിലും അവരുടെ വിശേഷങ്ങൾ ഫോൺവിളിയിൽ പറയാറുണ്ടായിരുന്നു.

കൂടാളി കുംഭത്തുണ്ടായ അപകടത്തിൽ ഷാൻ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30-ഓടെ ജില്ലാ ആസ്പത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം അഴീക്കോട് ചക്കരപ്പാറ ബദുലുൽ ജുമാമസ്ജിദിന് സമീപത്തെ കല്യാണവീടായ 'ബേത്തൂർ റീം'ലേക്ക് കൊണ്ടുവന്നത്. മൃതദേഹം ആംബുലൻസിൽ എത്തിക്കുമ്പോഴേക്കും വീടും പരിസരവും ജനനിബിഡമായിരുന്നു. അകത്ത് നടുമുറിയിൽ മൃതദേഹം കിടത്തിയപ്പോൾ പിതാവ് സിറാജും ഉമ്മ ഷംനയും ബോധരഹിതരായി. സകല നിയന്ത്രണവും വിട്ട് നാട്ടുകാർ ഉൾപ്പെടെയുള്ളവർ കണ്ണീരണിഞ്ഞു. പലപ്പോഴും കൂട്ടക്കരച്ചിലായി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ ഷാനിനെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയിരുന്നു. ഉച്ചയ്ക് 1.30-ന് കബറടക്കം നടന്നു. വിവാഹവീട്ടിന്റെ രണ്ട് വീടിനപ്പുറമാണ് ഷാനും പിതാവും ഉമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.

മൈലാഞ്ചിക്കല്യാണം നടക്കേണ്ടിടം മരണവീടായി

കല്യാണത്തിനായി വീട്ടിന്റെ നാലുഭാഗത്തും കൂറ്റൻ പന്തൽ ഉയർത്തിയിട്ടുണ്ട്. നിലത്ത് ചുവന്ന പരവതാനി വിരിച്ച മുറ്റത്തുകൂടെ ഷാൻ അവസാനമായെത്തി. കണ്ടുനിന്ന പലർക്കും സങ്കടം സഹിക്കാനാകാതെ വിതുമ്പി. ഞായറാഴ്ചയായിരുന്നു പിതൃസഹോദരന്റെ മകൾ ഫിസ റിയാസിന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. വിവിധ വർണ ലൈറ്റുകൾ കസേര, മേശ, ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം തയ്യാറായിരുന്നു. 1500 പേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്തു. നിമിത്തം പോലെ ബന്ധുക്കളെല്ലാം നേരത്തേയെത്തി. കല്യാണം മാറ്റിവെച്ചു.

എയ്റോനോട്ടിക്കൽ എൻജിനീയർ, യു.കെ. പഠനം ബാക്കിയായി.. മടക്കം

നാട്ടുകാരോടും ബന്ധുക്കളോടും ഷാനിന്റേത് നല്ല പെരുമാറ്റമായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. പഠിക്കാൻ മിടുക്കനായിരുന്നു. എയ്റോനോട്ടിക് എൻജിനിയറിങ് കഴിഞ്ഞശേഷം രണ്ടുമാസമായി ബെംഗളൂരൂ വിമാനത്താവളത്തിൽ ഇന്റേൺഷിപ്പ് ചെയ്തുകയാണ്. ഇതുകഴിഞ്ഞ് യു.കെ.യിൽ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. പിതാവും ഉമ്മയും അനുജത്തി സമിൻ സിറാജും വിദേശത്താണ്. അജ്മാനിൽ സാഡ് ഫ്രീ കമ്പനി നടത്തുകയാണ് പിതാവ്. വിദേശത്തും സ്വന്തമായി വീടുള്ളതിനാൽ വർഷങ്ങളായി കുടുംബം വിദേശത്താണ്.

'വലിയ ശബ്ദം കേട്ട് ഓടിയെത്തി; മൊബൈൽ വെളിച്ചത്തിൽ രക്ഷാപ്രവർത്തനം'

ചാലോട്: 'ടി.വി. ഓഫ് ചെയ്ത് കിടക്കാൻ ഒരുങ്ങുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. ആദ്യം കരുതിയത് വീടിന് മുകളിലേക്ക് എന്തോ വലിയ സാധനം വീണെന്നായിരുന്നു. പുറത്തേക്ക് ഓടിയെത്തിയപ്പോഴാണ് റോഡരികിൽ കാർ മരത്തിലിടിച്ച് തകർന്നുകിടക്കുന്നത് കണ്ടത്.' കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ സംഭവം വിവരിക്കുകയാണ് സമീപവാസിയായ പുത്തൻപുരയിൽ ബാബു.

അപകടശബ്ദം കേട്ടതോടെ സമീപത്തെ ക്ലബിൽ ഫുട്‌ബോൾ മത്സരം കാണാൻ എത്തിയ യുവാക്കളും ഓടിയെത്തി. കാറിന്റെ മുൻഭാഗത്തുനിന്ന് പുകയും തീപ്പൊരിയും ഉയരുന്നുണ്ടായിരുന്നു. ഉടൻ വീട്ടിലെ പൈപ്പ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ നൂറുകണക്കിനാളുകൾ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നു.

വീട്ടിൽ വാർപ്പുപണി നടക്കുന്നതിനാൽ മുറ്റത്തുണ്ടായിരുന്ന കമ്പിപ്പാരകൊണ്ട് കാറിന്റെ വാതിലുകൾ തുറക്കാൻ ശ്രമിച്ചു. പിൻവാതിലുകൾ ബലമായി തുറക്കാനായെങ്കിലും മരത്തിൽ തറച്ചുകയറിയ മുൻഭാഗത്തെ വാതിൽ തുറക്കാൻ ഏറെ ബുദ്ധിമുട്ടി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നതിനാൽ മുൻഭാഗത്തുള്ളവരെ പുറത്തെടുക്കാൻ കുറച്ച് സമയമെടുത്തു- ബാബു പറഞ്ഞു.

രാത്രി 11.45-ഓടെയാണ് മട്ടന്നൂരിൽനിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയത്. ഇതിനോടകം അഞ്ചോളം ആംബുലൻസുകളും അപകടസ്ഥലത്ത് എത്തിയിരുന്നു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിന്റെ മുൻഭാഗം മുറിച്ചുമാറ്റിയാണ് മുൻ സീറ്റിലുണ്ടായിരുന്ന രണ്ടുപേരെ പുറത്തെടുത്തത്. വാഹനമോടിച്ച പരം ഛേത്രിയെ പുറത്തെടുക്കാൻ ഏറെസമയം വേണ്ടിവന്നു. മരത്തിനിടയിലേക്ക് കയറിയ കാർ മട്ടന്നൂർ പോലീസിന്റെ നേതൃത്വത്തിൽ കയർകെട്ടി പിന്നിലേക്ക് വലിച്ചുമാറ്റിയാണ് ഇയാളെ പുറത്തെടുക്കാനായത്. ഡ്രൈവറുടെ സമീപ സീറ്റിലിരുന്നയാൾക്ക് അപ്പോഴും ജീവന്റെ തുടിപ്പുണ്ടായിരുന്നു. പിൻസീറ്റിലുണ്ടായിരുന്ന മൂവരും ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ആവശ്യമായ വെളിച്ചം പോലുമുണ്ടായിരുന്നില്ല. അപകടവിവരം അറിഞ്ഞെത്തിയവരുടെ മൊബൈൽ ഫോണുകളുടെ വെളിച്ചത്തിലാണ് കാർ പരിശോധിക്കുകയും കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും ശ്രമിച്ചത്. പിന്നീട് അഗ്നിരക്ഷാസേനയുടെ വെളിച്ച സംവിധാനമെത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്.

വണ്ടിയുടെ ഭാഗങ്ങൾ 20 മീറ്റർ അകലെ

അപകടത്തിന്റെ ആഘാതം എത്രത്തോളമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന തരത്തിൽ കാറിന്റെ റേഡിയേറ്റർ, ഹെഡ്ലൈറ്റുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ 20 മീറ്റർ അകലെ ഓവുചാലിൽ തെറിച്ചുകിടന്നിരുന്നു. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. ഇത്ര ഭീകരമായ അപകടം സമീപകാലത്തൊന്നും ഇവിടെ കണ്ടിട്ടില്ലെന്ന് ബാബു പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മട്ടന്നൂർ ആർ.ടി.ഒ. കെ.വി.അഖിലും സംഘവും സ്ഥലത്തെത്തിയിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനായി വാഹനത്തിന്റെ സാങ്കേതിക പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പോലീസ് തുടങ്ങിയിട്ടുണ്ട്.