കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂരില്‍ തന്നെ ഉള്ളതായി സൂചന. കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് ഗോവിന്ദച്ചാമിയോട് സാമ്യമുള്ള ഒരാളെ കണ്ടതായി വിവരം ലഭിച്ചു. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന്  സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

To advertise here,

ഗോവിന്ദച്ചാമിയെ കണ്ടതായി പറയുന്ന സ്ഥലത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലില്‍നിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നു. പുലർച്ചെയാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജയില്‍ക്കമ്പി മുറിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്. ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചില്ല എന്നും കരുതപ്പെടുന്നു.

2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.