കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്ന വി.കെ. നിഷാദ് ഡി.വൈ.എഫ്.ഐ.യുടെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്. തലശ്ശേരിയിൽ നടന്ന ജില്ലാ സമ്മേളനമാണ് നിഷാദ് ഉൾപ്പെടെയുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമ്മേളനത്തിൽ നിഷാദിന്റെ സന്ദേശം വായിച്ചതായാണ് വിവരം. കേസിൽ നിഷാദിനൊപ്പം ശിക്ഷിക്കപ്പെട്ട ടി.സി.വി. നന്ദകുമാറിനെ ജൂൺ അവസാനം നടന്ന സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് ട്രഷററായി തിരഞ്ഞെടുത്തിരുന്നു. നേരത്തേ ജോയിന്റ് സെക്രട്ടറിയായിരുന്ന നന്ദകുമാർ ബി.ജെ.പി. പ്രവർത്തകൻ സി.കെ. രാമചന്ദ്രനെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ്.

To advertise here,

ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരിക്കേയാണ് വി.കെ. നിഷാദിനെ 20 വർഷം തടവിനും 2.5 ലക്ഷം രൂപ പിഴയടയ്ക്കാനും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷ 10 വർഷം അനുഭവിച്ചാൽ മതി. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതാവ് പി. ജയരാജനെ അറസ്റ്റ്‌ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് പോലീസിനുനേരേ ബോംബേറുണ്ടായത്. ശിക്ഷ വിധിക്കുമ്പോൾ പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി നിഷാദ് നാമനിർദേശപത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ 2025 നവംബർ 24-നാണ് കുറ്റക്കാരനായി കണ്ടെത്തിയതെങ്കിലും മത്സരരംഗത്ത് തുടരാൻ സി.പി.എം. തീരുമാനിക്കുകയായിരുന്നു.

ജയിലിൽക്കിടന്ന് മത്സരിച്ച നിഷാദ് 341 വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. അയോഗ്യനായി പ്രഖ്യാപിക്കാനും ഉപതിരഞ്ഞെടുപ്പ് നടത്താനും നടപടിയുമുണ്ടായിട്ടില്ല. ശിക്ഷിക്കപ്പെട്ട ഉടനെ നിഷാദിന് പലതവണയായി പരോൾ അനുവദിച്ചതും വിവാദമായിരുന്നു.