
കണ്ണൂർ: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന് 2021-ൽ നേടിയ അൻപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്താകുമോ, പേരാവൂരിൽ നാലാമങ്കത്തിനിറങ്ങിയ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ വഴിമുടക്കാൻ കെ.കെ. ശൈലജയ്ക്ക് കഴിയുമോ, തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എം. വിട്ട് യു.ഡി.എഫ്. പിന്തുണയോടെ എതിരാളികളായവർക്ക് പാർട്ടി കോട്ടകൾ കുലുക്കാനാവുമോ? ഫലം വരുന്നതുവരെ കണ്ണൂരിന്റെ ആകാംക്ഷ പ്രധാനമായും ഈ മണ്ഡലങ്ങളെ ചുറ്റിപ്പറ്റിയാണ്.
തളിപ്പറമ്പിലെ സി.പി.എം. കോട്ടയിൽ ഭൂരിപക്ഷം കുത്തനെ കുറച്ചുകൊണ്ടുവന്നതിന്റെ ക്രെഡിറ്റുള്ള യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൾ റഷീദ് എത്തിയതോടെയാണ് ധർമടത്തെ മത്സരം ആവേശകരമായത്. എൻ.ഡി.എ. സ്ഥാനാർഥിയായ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്തും ശക്തമായി രംഗത്തുണ്ടായിരുന്നു. നിയന്ത്രണമില്ലാതെ ഓപ്പൺവോട്ട് ചെയ്ത് ധർമടത്ത് സി.പി.എം. വോട്ടിങ് അട്ടിമറിച്ചുവെന്ന് ബി.ജെ.പി. ആരോപിക്കുന്നുണ്ട്. ഭൂരിപക്ഷം നിലനിർത്താനാകുമെന്നാണ് എൽ.ഡി.എഫ്. വിലയിരുത്തൽ. വലിയ ഇടിവുണ്ടാവുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. ചിട്ടയായി പ്രചാരണംനടത്തിയ ബി.ജെ.പി. വോട്ട് വിഹിതം കൂട്ടിയാൽ അത് ആരെ ബാധിക്കുമെന്നതും പ്രധാനമാണ്.
ശൈലജയും സണ്ണി ജോസഫും ഏറ്റുമുട്ടിയ പേരാവൂരിൽ യു.ഡി.എഫിൽനിന്ന് വോട്ട് മറിയുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. അതിനുള്ള സാധ്യത തീർത്തും തള്ളുകയാണ് യു.ഡി.എഫ്. സംസ്ഥാനത്താകെയുള്ള യു.ഡി.എഫ്. തരംഗത്തിൽ സണ്ണി ജോസഫ് കഴിഞ്ഞതവണത്തേതിനേക്കാൾ മികച്ച വിജയം നേടുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. 3172 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സണ്ണിക്കുണ്ടായിരുന്നത്.
സി.പി.എമ്മിന് ചങ്കിടിപ്പേറ്റി പയ്യന്നൂരും തളിപ്പറമ്പും
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യയും വനിതാ നേതാവുമായ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയപ്പോൾ സി.പി.എമ്മിലുണ്ടായ പൊട്ടിത്തെറിയോടെയാണ് തളിപ്പറമ്പ് പ്രവചനാതീതമായ മത്സരത്തിലേക്ക് മാറിയത്. പാർട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ യു.ഡി.എഫ്. പിന്തുണയോടെ സ്ഥാനാർഥിയായതോടെ തളിപ്പറമ്പ് സി.പി.എമ്മിന്റെ പ്രസ്റ്റീജ് മണ്ഡലമായി. സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക മോൽനോട്ടത്തിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടന്നത്. യു.ഡി.എഫും ചിട്ടയായ പ്രവർത്തനം നടത്തി. ടി.കെ. ഗോവിന്ദന്റെ വ്യക്തിപരമായ സ്വാധീനവും തങ്ങളുടെ വോട്ടും ചേർന്നാൽ തളിപ്പറമ്പ് പിടിക്കാമെന്നതാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. എന്നാൽ പാർട്ടി അണികൾ ഗോവിന്ദനെ കൈയൊഴിഞ്ഞുവെന്ന് സി.പി.എം. നേതാക്കളും പറയുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പുനടന്നതായി ആരോപിച്ച് പാർട്ടിക്കെതിരേ തിരിഞ്ഞ വി. കുഞ്ഞിക്കൃഷ്ണനെ പയ്യന്നൂരിൽ തോൽപ്പിക്കേണ്ടതും സി.പി.എമ്മിന്റെ അഭിമാനപ്രശ്നമാണ്. രണ്ടിടത്തും വ്യക്തമായ മേധാവിത്വത്തോടെ ജയം തുടർന്നില്ലെങ്കിൽ സി.പി.എമ്മിനുണ്ടാവുന്ന ക്ഷീണം ചെറുതാവില്ല. തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിൽ അക്രമസംഭവങ്ങളുണ്ടായതും തളിപ്പറമ്പിലും പയ്യന്നൂരിലുമാണ്. ഇരുകൂട്ടരും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും അടിയൊഴുക്കുകളെക്കുറിച്ച് കൃത്യമായ ധാരണ ആർക്കുമില്ല.
80 ശതമാനം കടന്നത് നാലിടത്ത്
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിങ് ശതമാനം 80 കടന്നത് മട്ടന്നൂരിലും ധർമടത്തും തളിപ്പറമ്പിലും പയ്യന്നൂരിലും. 78.60 ശതമാനം പേരാണ് ജില്ലയിൽ വോട്ടുരേഖപ്പെടുത്തിയത്. 2021-ൽ ഇത് 79.87 ശതമാനം ആയിരുന്നു. 82.24 ശതമാനം പേർ വോട്ടുചെയ്ത മട്ടന്നൂരാണ് വോട്ടുചെയ്തവരുടെ എണ്ണത്തിൽ ഇത്തവണ മുന്നിൽ.
തൊട്ടുപിന്നിലായി മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം (81.44). സി.പി.എം. മുൻ നേതാക്കളായ വി. കുഞ്ഞിക്കൃഷ്ണനും ടി.കെ. ഗോവിന്ദനും യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ചതിലൂടെ സംസ്ഥാനത്താകെ ശ്രദ്ധനേടിയ പയ്യന്നൂരിലും തളിപ്പറമ്പിലും പോളിങ് 80 ശതമാനം കടന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നാല് മണ്ഡലങ്ങളിലും പോളിങ് 80 ശതമാനം കടന്നിരുന്നു. കഴിഞ്ഞതവണ 80 കടന്ന കൂത്തുപറമ്പിൽ ഇത്തവണ 78.46 ശതമാനം പേരേ വോട്ടുചെയ്തിട്ടുള്ളൂ. കടുത്ത മത്സരം നടന്ന മറ്റു മണ്ഡലങ്ങളിലൊന്നും പോളിങ് 80 ശതമാനത്തിലേക്കുയർന്നിട്ടില്ല. ജില്ലയിലെ പോളിങ് കണക്കുകൾ തിട്ടപ്പെടുത്തുന്നതിലും വെബ് സൈറ്റിൽ പുതുക്കുന്നതിലും ചില ആശയക്കുഴപ്പമുണ്ടായതിനാൽ അന്തിമ കണക്കിൽ നേരിയ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ട്. പോസ്റ്റൽ വോട്ടിന്റെയും വീട്ടിലെ വോട്ടിന്റെയും കണക്ക് പുറത്ത് വരുന്നതൊടെ പോളിംഗ് ശതമാനം ഉയരും
ഒഴുക്കോ, അടിയൊഴുക്കോ
ഉയർന്ന പോളിങ്ങ് നടന്ന മണ്ഡലങ്ങളിൽ തളിപ്പറമ്പിലും പയ്യന്നൂരിലുമാണ് ഫലത്തെക്കുറിച്ചുള്ള ആകാംക്ഷയുള്ളത്. ഉയർന്ന പോളിങ് ഇവിടങ്ങളിൽ ആരെ തുണയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. എൽ.ഡി.എഫ്. വോട്ടുകളിൽനിന്ന് അടിയൊഴുക്കാണെന്ന് യു.ഡി.എഫും പാർട്ടിക്കെതിരേ തിരിഞ്ഞ പഴയ നേതാക്കളെ പരാജയപ്പെടുത്താനുള്ള ഉദ്യമം വിജയിച്ചതാണെന്ന് എൽ.ഡി.എഫും വിശ്വസിക്കുന്നു. അടിയൊഴുക്കിന്റെ ആഴമറിയാതെ രണ്ടിടത്തും ഫലപ്രവചനം എളുപ്പമല്ല.
മികച്ച പ്രകടനം നടത്തിയ യു.ഡി.എഫിലെ വി.പി. അബ്ദുൾ റഷീദിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷത്തിൽ കടന്നുകയറാനാവുമോ എന്നതാണ് ധർമടത്തെ ചോദ്യം. ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടാക്കാനാവുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം എൽ.ഡി.എഫിനുമുണ്ട്.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും ഏറ്റുമുട്ടിയതിലൂടെ ശ്രദ്ധനേടിയ പേരാവൂരിൽ കഴിഞ്ഞതവണത്തേതിൽനിന്ന് വ്യത്യസ്തമായി പോളിങ്ങിൽ വലിയ വ്യത്യാസമൊന്നുമുണ്ടായില്ല.
Content Highlights: High-stakes battle in Dharmadam regarding CM Pinarayi Vijayan's vote margin., Peravoor constituency contest between K.K. Shailaja and Sunny Joseph., CPM facing internal dissent and external challenges in Taliparamba and Payyannur., Impact of rebel candidates supported by UDF on traditional CPM strongholds., Analysis of potential vote share shifts and political implications for 2026.
Published: 11 Apr 2026, 02:24 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented