
കണ്ണൂർ: കളക്ടർ അരുൺ കെ. വിജയന്റെ പുതിയ വെളിപ്പെടുത്തലിൽ വ്യക്തതതേടി അദ്ദേഹത്തിൽനിന്ന് വീണ്ടും മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം. യാത്രയയപ്പ് യോഗത്തിനുശേഷം ‘ഒരു തെറ്റുപറ്റി’യെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്േട്രറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു തന്നോട് പറഞ്ഞെന്നും മൊഴിയുടെ പൂർണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കളക്ടറുടെ പ്രതികരണത്തെത്തുടർന്നാണിത്.
സത്യം സത്യമായി പറയാതിരിക്കാൻ നിർവാഹമില്ലെന്നും നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതിവിധിയിലുള്ള ഭാഗങ്ങൾ തന്റെ മൊഴിയാണെന്നും എന്നാൽ, പറഞ്ഞത് മുഴുവനായും പുറത്തുവന്നിട്ടില്ലെന്നുമാണ് കളക്ടർ മാധ്യമങ്ങളോട് പറഞ്ഞത്. കളക്ടറിൽനിന്ന് വീണ്ടും മൊഴിയെടുക്കുന്നത് തീരുമാനിക്കാൻ വെള്ളിയാഴ്ച കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം യോഗംചേരും.
മൊഴി പൂർണ്ണമായി നൽകിയെന്ന് പോലീസ്
കണ്ണൂർ: ഒക്ടോബർ 21-ന് രാത്രി കളക്ടറുടെ ക്യാമ്പ് ഓഫീസിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അത് പൂർണമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായും അതിലുണ്ടായിരുന്നു. വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയ്ക്കും അതേ മൊഴിനൽകിയെന്ന് കളക്ടർ പിന്നീട് പറഞ്ഞു. എന്നാൽ, ‘പറഞ്ഞത് മുഴുവനായും പുറത്തുവന്നിട്ടില്ലെന്ന്’ കളക്ടർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് പോലീസിനെ കുഴക്കുന്നത്.
നവീൻ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ‘തെറ്റുപറ്റിയെന്ന് എ.ഡി.എം. പറഞ്ഞെന്ന’ കാര്യം പറയുന്നില്ല. എന്നാൽ, തെറ്റുപറ്റിയെന്നത് കൈക്കൂലിയോ മറ്റേതെങ്കിലും അഴിമതിയോ നടത്തിയതായ ഏറ്റുപറച്ചിലാകില്ലെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ കളക്ടറുടെ വെളിപ്പെടുത്തൽ കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കളക്ടറും സർക്കാരിൽ ഉന്നതസ്ഥാനം വഹിക്കുന്ന ജില്ലയിൽനിന്നുള്ളയാളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ് അതിനുപിന്നിലെന്നും ആരോപണമുയർന്നിട്ടുണ്ട്.
ദിവ്യയെ സി.പി.എം. സംരക്ഷിക്കുന്നു-കെ. സുധാകരൻ
കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുകയെന്ന നിലപാടാണ് സി.പി.എമ്മിനെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. കേസിൽ നീതിപൂർണമായ അന്വേഷണം നടക്കുമെന്ന വിശ്വാസം ഇല്ലാത്തതിനാലാണ് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്- കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയൊക്കെ സംഭവിച്ചിട്ടും ദിവ്യയെ പാർട്ടിയിൽനിന്ന് പുറത്താക്കിയോ? ക്രിമിനൽ കേസിൽ പ്രതിയായിട്ടും ദിവ്യയെ സസ്പെൻഡ് ചെയ്തോ? ദിവ്യയെ സംരക്ഷിക്കാനുള്ള സി.പി.എം. തീരുമാനത്തിന്റെ തെളിവാണിത്. ഈ കേസ് കേരളത്തിലെ പോലീസ് അന്വേഷിച്ചിട്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബവും കോടതിയെ സമീപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇടതുസർക്കാർ കണ്ണൂർ കളക്ടറെയും സ്വാധീനിച്ചിട്ടുണ്ടാവാം. എ.ഡി.എം. പറഞ്ഞു എന്ന രീതിൽ കളക്ടർ പോലീസിന് നൽകിയ മൊഴിയിൽനിന്ന് അതാണ് തോന്നുന്നത്.
കളക്ടറുടെ മൊഴിയിൽ എവിടെയോ എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് മൊഴിയിലെ വൈരുധ്യം സൂചിപ്പിക്കുന്നത്. പെട്രോൾ പമ്പിന് ലൈസൻസ് ഏർപ്പെടുത്തി നൽകുന്നതുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കൾ കമ്മീഷൻ കൈപ്പറ്റുന്നുണ്ട്. അതുപോലൊരു വിഹിതം കിട്ടാതെപോയതാകും പി.പി. ദിവ്യയെ പ്രകോപിപ്പിച്ച ഘടകമെന്ന് സംശയിക്കുന്നു -സുധാകരൻ ആരോപിച്ചു.
കെ. മുരളീധരൻ പാലക്കാട്ട് എത്തും. വിവാദങ്ങൾ മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണ്. ഡി.സി.സി.യുടെതായി പുറത്തുവന്ന കത്തിൽ കാര്യമാക്കേണ്ടതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കത്തുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വിവാദങ്ങളൊന്നുമില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
കളക്ടറുടെ വസതിക്ക് മുന്നിൽ യുവമോർച്ചാ പ്രതിഷേധം
കണ്ണൂർ: കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ ദുരൂഹമരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ യുവമോർച്ച ദീപം തെളിയിച്ചു. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. കളക്ടർ അരുൺ കെ. വിജയൻ പരിശീലനം നേടിയത് ഐ.എ.എസ.് അക്കാദമിയിൽ നിന്നല്ലെന്നും ഇ.എം.എസ്. അക്കാദമിയിൽ നിന്നാണെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. ദിവ്യയെ സംരക്ഷിക്കാൻ കളക്ടർ രംഗത്തിറങ്ങിയിരിക്കുകയാണ്.
എന്നാൽ കളക്ടറല്ല മുഖ്യമന്ത്രി വിചാരിച്ചാലും ദിവ്യയെ സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കെ. ഭരത് അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, മനോജ് പൊയിലൂർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി. അർജുൻ, അഡ്വ. കെ. രഞ്ജിത്, അഡ്വ. അർച്ചന വണ്ടിച്ചാൽ, അക്ഷയ് കൃഷ്ണ, ശ്രുതി പൊയിലൂർ, സുധിഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: kannur adm naveen babu death collector allegations against collector
Published: 01 Nov 2024, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented