കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി മോർച്ചറിയിലെ കേടായ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം അഴുകി. മണിമല നെല്ലുവേലിൽ ജോമി ജോസഫിന്റെ (45) മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് മൃതദേഹം എത്തിച്ചത്.

To advertise here,

ശനിയാഴ്ച രാവിലെ ഒൻപതോടെ ബന്ധുക്കൾ ഏറ്റുവാങ്ങാനെത്തിയപ്പോൾ ജീർണിച്ച് ദുർഗന്ധം വമിക്കുന്നനിലയിലായിരുന്നു. ആളെ തിരിച്ചറിയാനാകാത്ത അവസ്ഥയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിവളപ്പിൽ പ്രതിഷേധിച്ച ബന്ധുക്കൾ പിന്നീട് മൃതദേഹം ഏറ്റുവാങ്ങി പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.

സംഭവത്തിൽ പൊൻകുന്നം പോലീസ്‌സ്റ്റേഷനിൽ പരാതി നൽകിയതായി പഞ്ചായത്തംഗം സജി ആന്റണി പറഞ്ഞു. ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കും പരാതിയുടെ പകർപ്പ് നൽകും.

ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. കുറ്റക്കാരായ ഗ്രേഡ് 2 അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവരെ സസ്പെൻഡ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. പ്രാഥമികാന്വേഷണത്തിൽ, ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യു പറഞ്ഞു. എട്ട് മൃതദേഹം സൂക്ഷിക്കാൻ കഴിയുന്ന രണ്ട് യൂണിറ്റ് ശീതീകരണസംവിധാനമാണ് മോർച്ചറിയിലുള്ളത്.

ഇതിൽ നാല് ഫ്രീസറുള്ള ഒരു യൂണിറ്റാണ് കേടായിക്കിടക്കുന്നത്. ഇതിലാണ് മൃതദേഹം വെച്ചത്. പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു യൂണിറ്റിൽ മറ്റുരണ്ട് മൃതദേഹം സൂക്ഷിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒരുവർഷംമുൻപ് ഒരുകോടി രൂപ ചെലവഴിച്ചാണ് പുതിയ പോസ്റ്റുമോർട്ടം മുറിയും മോർച്ചറിയും നിർമിച്ചത്.

പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെല്ലുവേലിൽ ജോസ്-ഏലിയാമ്മ ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങൾ: ജോബിൻ, മെറിന (യു.കെ.). സംസ്കാരം തിങ്കളാഴ്ച 10-ന് മണിമല ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.