കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും പഞ്ചായത്ത് മെമ്പർ സ്ഥാനവും കെ.മണികണ്ഠൻ രാജി വെച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിയും കൊലപ്പെടുത്തിയ കേസിലെ പതിനാലാം പ്രതിയാണ് സി.പി.എം മുൻ ഉദുമ ഏരിയ സെക്രട്ടറി കൂടിയായ മണികണ്ഠൻ. ഇരട്ടക്കൊലക്കേസിലെ ശിക്ഷയിൽ സിബിഐ കോടതി മണികണ്ഠന് വിധിച്ചത് അഞ്ചു വർഷത്തേക്കുള്ള ശിക്ഷയാണ്. കോടതി ശിക്ഷ വിധിച്ച ക്രിമിനൽക്കേസ് പ്രതിക്ക് ജനപ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് അഡ്വ.എം.കെ.ബാബുരാജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമിപിച്ചിരിക്കുകയാണ്.

To advertise here,

ശിക്ഷ വിധിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചതിനാൽ മണികണ്ഠൻ ജയിലിലായില്ല. തനിക്കെതിരെയുള്ള കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണികണ്ഠൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്.  ശനിയാഴ്ച വൈകീട്ടാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണന് മണികണ്ഠൻ രാജിക്കത്ത് നൽകിയത്. ഉദുമ പാക്കം ഡിവിഷനിൽ നിന്നാണ് മണികണ്ഠൻ വിജയിച്ചത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ഇനി ആറു മാസത്തിൽ കൂടുതൽ ഇല്ലാത്തതിനാൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണ്.