
തിരുവനന്തപുരം: യുഡിഎഫിന്റെ അസോസിയേറ്റ് പ്രഖ്യാപനം പാളി. താൻ യുഡിഎഫിലേക്കില്ലെന്നും എൻഡിഎയിൽ തന്നെ തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. അസോസിയേറ്റ് ആക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൽ കത്തോ അപേക്ഷയോ നൽകിയിട്ടില്ലെന്നും അത്തരത്തിൽ ഉണ്ടെങ്കിൽ അത് പുറത്തുവിടാനും വിഷ്ണുപുരം ചന്ദ്രശേഖരൻ വെല്ലുവിളിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിശദീകരണം. കേരള കാമരാജ് കോൺഗ്രസ് രേഖാമൂലം അഭ്യർത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് അസോസിയേറ്റ് അംഗമാക്കുന്നതെന്നായിരുന്നു വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, ഇത് തള്ളിക്കൊണ്ട് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തുകയായിരുന്നു.
തനിക്കുള്ളത് സംഘപരിവാർ പശ്ചാത്തലമാണ്. എൻഡിഎയിൽ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ, അത് പരിഹരിക്കാനുള്ള കഴിവ് തനിക്കുണ്ട്. പരാതി എൻഡിഎ യോഗത്തിൽ അവതരിപ്പിക്കുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.
യുഡിഎഫിൽ ഘടകകക്ഷി ആക്കാത്തതാണോ പ്രശ്നം എന്ന ചോദ്യത്തിന്, അങ്ങനെ പ്രശ്നമില്ല. അസോസിയേറ്റ് അംഗവും ഘടകകക്ഷിയും ഒരുപോലെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റ മറുപടി. രാജീവ് ചന്ദ്രശേഖർ തന്നെ പരിഗണിക്കുന്ന രീതിവെച്ച് യുഡിഎഫിലേക്ക് പോകാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
മനസുകൊണ്ട് 14 വയസുമുതൽ ഞാൻ സ്വയംസേവകനാണ്. അതിൽ ഉറച്ചു നിൽക്കുന്നു. എല്ലാത്തിനും വ്യക്തമായി അഭിപ്രായം പറയുന്ന ആളാണ് ഞാൻ. രാഷ്ട്രീയ ബോധം എനിക്കുണ്ട്. എൻഡിഎയെ സംബന്ധിച്ചിടത്തോളം ഘടകകക്ഷികളോട് കാണിക്കുന്ന സമീപനം ഒരാൾക്കും ഉൾക്കൊള്ളാനാകില്ല. എന്നാൽ, അഭിപ്രായം പറഞ്ഞാൽ എഴുതിയെടുക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്ന രാജീവ് ചന്ദ്രശേഖരെനെപ്പോലൊരു മനുഷ്യൻ സജീവമായിട്ട് നിൽക്കുമ്പോൾ എനിക്ക് ഇങ്ങനെ ഒന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.
മുന്നണിയിൽ അഭിപ്രായവ്യത്യാസമുള്ള കാര്യം രമേശ് ചെന്നിത്തലയോടും തിരുവഞ്ചൂരിനോടും വി.ഡി. സതീശനോടും പറഞ്ഞിരുന്നു. ഇതിനിടെയാണ് യുഡിഎഫിൽ എടുത്തു എന്ന വാർത്ത വരുന്നത്. യുഡിഎഫിൽ അംഗമാകുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Kamraj Congress Denies UDF Associate Status; Vishnu Puram Chandrasekhar Confirms NDA Loyalty
Published: 22 Dec 2025, 04:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented