കല്ലടിക്കോട്: അപകടത്തിൽ യുവാവ് മരിച്ച വിവരം കുടുംബമറിഞ്ഞത് എട്ടുനാളുകൾക്കുശേഷം. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ കഴിഞ്ഞ 16-ന് പുലർച്ചെ മരിച്ച യുവാവിന്റെ വിവരങ്ങൾ കുടുംബത്തെ പോലീസ് 24-നാണ് അറിയിച്ചത്. കല്ലടിക്കോട് കാഞ്ഞിരാനി കാർത്തിക നിവാസിൽ അരുൺകുമാർ (50) വാഹനാപകടത്തിൽ മരിച്ച വിവരമാണ് വീട്ടുകാർ അറിയാൻ വൈകിയത്.

To advertise here,

സൈബർസെൽ മുഖേന അമ്മയുടെ നമ്പർ കണ്ടെത്തിയാണ് പോലീസ് കുടുംബത്തെ വിവരമറിയിച്ചത്. അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാനായി പോലീസിനെ ആശുപത്രി അധികൃതർ ബന്ധപ്പെട്ടപ്പോൾ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ തിരിച്ചറിയാനായത്. മോർച്ചറിയിൽ മൃതദേഹം ഒരാഴ്ചയിൽ കൂടുതലായി സൂക്ഷിച്ചിട്ടും വീട്ടുകാരെ വിവരമറിയിക്കാത്തത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു.

അപകടവിവരമറിഞ്ഞിട്ടും തട്ടിയ വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ വിവരങ്ങളറിയിച്ച്‌ എറണാകുളം റൂറൽ എസ്‌.പി.ക്ക് കുടുംബം പരാതി നൽകി. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ആരോഗ്യമന്ത്രി എന്നിവർക്കും പരാതി നൽകുമെന്ന് അരുണിന്റെ ഭാര്യ വി.പി. ശ്രീജ, അമ്മ കെ. കോമളകുമാരി എന്നിവർ പറഞ്ഞു.