കക്കട്ടിൽ (കോഴിക്കോട്): കൈവേലിയിൽനിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപ്പിടിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കക്കട്ടിൽ ടൗണിനടുത്ത് വെച്ചാണ് സംഭവം. കൈവേലി റോഡിൽനിന്ന് കക്കട്ടിൽ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഇലക്ട്രിക് ലൈനിൽ തട്ടിയാണ് ആക്രി സാധനങ്ങളിലേക്ക് തീപടർന്നത്. അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ ഉടൻ വാഹനം നിർത്തി താഴെ ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു. ലോറി പൂർണമായും കത്തി നശിച്ചു.

To advertise here,

തീപ്പിടിച്ചതിന് പിന്നാലെ വാഹനത്തിന്റെ എയർ ടാങ്ക് പൊട്ടി വാഹനം നിരങ്ങി നീങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ലോറിയിൽനിന്ന് പൊട്ടിത്തെറിച്ചു വീണ വസ്തുവിൽനിന്ന് റോഡിന് സമീപം ഹരിത കർമ്മസേന ശേഖരിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും തീപ്പിടിച്ചു. അഗ്നിക്ഷാസേന എത്തിയാണ് തീ അണച്ചത്.

നാദാപുരം അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസക്കിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന 30 മിനിറ്റ് കൊണ്ടാണ് തീ പൂർണ്ണമായും അണച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആദർശ് വി.കെ, സുദീപ് എസ്.ഡി, ശികിലേഷ് കെ.കെ, ലിനീഷ് മര്യാട്, രാകേഷ് പി.കെ, അഖിൽ എൻ.കെ, അഖിലേഷ്, ശ്രീരൂപ്, ഹോം ഗാർഡ് ഷിനു പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.