കൊച്ചി: കാലടി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ കേസ്. അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍, ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചുകയറിയെന്ന കുറ്റമടക്കം ചുമത്തിയാണ് കേസ്.

To advertise here,

കഴിഞ്ഞദിവസം കാലടി ശ്രീശങ്കര കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. ചാലക്കുടി എം.പി. കൂടിയായ കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്റേയും എം.എല്‍.എമാരുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റും യൂണിയന്‍ മാഗസിന്‍ എഡിറ്ററുമായ രാജീവ് വാലപ്പനേയും വിഷ്വല്‍ മീഡിയ വിദ്യാര്‍ഥി ഡിജോണ്‍ പി. ജീബിനേയുമായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പേര് എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ്, ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ് എന്നിവര്‍ മറ്റ് നേതാക്കളുമായി സംസാരിച്ച് എത്തി പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. റോജി എം. ജോണ്‍ എം.എല്‍.എ. ലോക്കപ്പിനു മുന്നില്‍ നിന്ന് പ്രതിഷേധിച്ചു.

എം.എല്‍.എ. പിന്‍മാറാതെ വന്നതോടെ പോലീസ് ഇരുവരെയും ലോക്കപ്പില്‍ നിന്ന് ഇറക്കി എ.എസ്.പി. യുടെ മുറിയിലെത്തിച്ചു. തുടര്‍ന്ന് നേതാക്കളുമായി എ.എസ്.പി. സംസാരിച്ച് ജാമ്യം നല്‍കി വിട്ടയയ്ക്കാമെന്ന് സമ്മതിക്കുകയായിരുന്നു.