തിരുവനന്തപുരം: കോംബോ ഓഫർ കണ്ട് ഷവായയും ഷവർമയും കഴിച്ച് 21 പേർക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം കടയ്ക്കാവൂരിലായിരുന്നു സംഭവം. 12 പേർ ചികിത്സയിലാണ്. കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിനു സമീപത്തുള്ള കടയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.

To advertise here,

സൂപ്പർ മാർക്കറ്റിനോട് ചേർന്ന് ആരംഭിച്ച 'സിഗ്നേച്ചർ ഡിഷസിൽ' നിന്നാണ് ഇവർ ഭക്ഷണം വാങ്ങി കഴിച്ചത്. ഷവായും ഷവർമ്മയും കഴിച്ചവരാണ് വിഷബാധയേറ്റവിരേറെയും.

കടയ്ക്കാവൂർ നിവാസികളായ ഗിരീഷ്, ദീപ, ഹരിതകർമസേനാംഗം ശുഭ, സ്നേഹ, സംഗീത്, ആയാന്റവിള സ്വദേശികളായ പ്രിയറാണി, രത്നമ്മ, ബിജു, മണി, ആറ് വയസ്സുകാരി ദക്ഷിണ എന്നിവർക്കും അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഗിരീശൻ, ഉദയകുമാർ, നിരുപമ, ഗ്രീഷ്മ, ഗൗരി നന്ദ, ഗൗതം കൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ, ഭാര്യ മിന്നു, മക്കളായ സെയിൽ, ആമി, അമ്മ ലാലി എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കപ്പയും ബീഫുമായിരുന്നു ആദ്യം കടയിൽ വിറ്റിരുന്നത്. പിന്നീട് ആണ് ഷവർമ്മയും ഷവായും അടക്കമുള്ള ഫാസ്റ്റ് ഫുഡ് വിൽപ്പനയിലേക്ക് തിരിഞ്ഞത്. ആളുകളെ ആകർഷിക്കാൻ ഓപ്പണിങ് ഓഫർ ആയാണ് ഇവർ കോംബോ ഓഫറിൽ വിൽപ്പന നടത്തിയത്.

തിങ്കളാഴ്ച ഇവിടെനിന്നു ഭക്ഷണം വാങ്ങി കഴിച്ചവരാണ് വയറിളക്കം, ഛർദി, തലകറക്കം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളോടെ ചിറയിൻകീഴ് താലൂക്ക്‌ ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്. ഭക്ഷണം കഴിച്ച 21 പേർക്ക് വിഷബാധയേറ്റതായാണ് വിവരം. കടയിൽ നിന്ന്‌ ഷവായ അടക്കം വീട്ടിലേക്ക് വാങ്ങി പോയവരാണ് വിഷബാധയേറ്റവരിലേറെയും. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

അടുത്തിടെയാണ് ഭക്ഷണശാല പ്രവർത്തനമാരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഓഫറിൽ ഭക്ഷണം നൽകാൻ ആരംഭിച്ചത്. ഇതേത്തുടർന്ന് നിരവധി പേരാണ് കടയിലേക്ക് എത്തിയത്. കടയ്ക്കാവൂർ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥലത്തെത്തി ഭക്ഷണശാല പൂട്ടിച്ചു. മതിയായ രേഖകളില്ലാതെയാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്നത്.