തിരുവനന്തപുരം: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നിലനില്‍ക്കെയാണ്‌ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് സുരേന്ദ്രന്‍ യാത്ര നടത്തിയത്‌.

അതേസമയം ഔദ്യോഗിക വാഹനത്തില്‍ വരുന്നതിന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയതിന് ശേഷമാണ് യാത്ര നടത്തിയതെന്നാണ് കെ.സുരേന്ദ്രന്റെ പ്രതികരണം. 

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കെ.സുരേന്ദ്രന്‍ കോഴിക്കോട് ഉള്ള്യേരിയിലെ വസതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. എങ്ങനെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തി എന്ന് പലരും ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കിയത്. 

തിരുവനന്തപുരത്ത് അദ്ദേഹം തന്റെ ഔദ്യോഗിക ചുമതലകള്‍ ചെയ്ത് തീര്‍ക്കുന്നതിന് വേണ്ടിയാണ് എത്തിയത്. ഇതിനായി  കേന്ദ്ര നേതൃത്വത്തെയടക്കം ഇക്കാര്യം ധരിപ്പിച്ചിരുന്നുവെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.

കൂടാതെ ലോക്ഡൗണ്‍ കഴിയുന്നതുവരെ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകും എന്നാണ് വ്യക്തമാക്കുന്നത്.

Content Highlights: k surendran travelled to thiruvananthapuram during lockdown