കോഴിക്കോട്: ജനങ്ങളുടെ പ്രതിഷേധം മറികടന്ന് ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാകില്ലെന്ന് കേന്ദ്രമന്ത്രി വി. മരളീധരന്‍. കെ-റെയില്‍ വിഷയത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് നടക്കുന്നത് ബി.ജെ.പി യുടേയോ കോണ്‍ഗ്രസിന്റേയോ സമരമല്ല. ജനകീയ സമരമാണ്. ജനങ്ങള്‍ക്കൊപ്പം ബി.ജെ.പി നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

സില്‍വര്‍ ലൈന് പകരം നിലവിലെ റെയില്‍വേ സംവിധാനം ശക്തിപ്പെടുത്തും. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതാണ്. റെയില്‍വേ വികസനത്തിന് തടസ്സം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര റയില്‍വേ മന്ത്രാലയം പലതവണ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മറുപടി പോലും നല്‍കിയിട്ടില്ല. 

കെ-റെയിലില്‍  ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രി കെ-റെയില്‍ പദ്ധതിയില്‍ ആശങ്കപ്പെടുന്നരുമായി ചര്‍ച്ച നടത്തുന്നില്ല. ഇപ്പോള്‍ നടത്തുന്ന വിശദീകരണം  സര്‍ക്കാറിന്റെ ഔദാര്യം പറ്റുന്നവരോടാണ്. ഇത് നാടകമാണ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ നയം ഇക്കാര്യത്തില്‍ എന്താണെന്ന് പി.ബി അംഗമായ മുഖ്യമന്ത്രി വിശദീകരിക്കണം.

വേഗത്തില്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ജനങ്ങള്‍ക്ക് വേണം. പക്ഷെ സില്‍വര്‍ ലൈന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. പദ്ധതി ജനങ്ങള്‍  അംഗീകരിക്കുന്നില്ല. അതിനാല്‍ ബിജെപി പദ്ധതിക്ക് എതിരാണ്. പദ്ധതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടുമോ എന്ന് അറിയില്ലെന്നും മുരളീധരന്‍ അറിയിച്ചു.

വി.ഡി സതീശന്റെ പ്രതികരണം ശിഖണ്ഡിയുടെ റോളിലുള്ളത്   

ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തുന്ന പ്രതികരണം ശിഖണ്ഡിയുടെ റോളിലുള്ളതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ചാന്‍സലര്‍ പദവി ഏറ്റെടുക്കാത്ത ഗവര്‍ണര്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷ  നേതാവ് ആവശ്യപ്പെടുന്നത്. ഗവര്‍ണര്‍ രാജിവെക്കണമെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തിലൂടെ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നും വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണ്ണറെ ചീത്ത വിളിക്കുന്നത് ഇതിന്റെ ഭാഗമാണ്. കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത പ്രതിപക്ഷം ഇപ്പോള്‍ ഗവര്‍ണര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെടുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഈ രീതിയില്‍ പോയാല്‍ ബി.ജെ.പി ശക്തിപ്പെടും. സതീശന്‍ ബി.ജെ.പിയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട. ബി.ജെപിയല്ല കോണ്‍ഗ്രസാണ് എടുക്കാച്ചരക്കെന്നും മുരളീധരന്‍ പരിഹസിച്ചു.

Content Highlights: K-Rail Silverline Union Minister V Muraleedharan