തിരുവനന്തപുരം: വൈറൽ താരത്തിന്റെ വിവാഹത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിശോധിച്ച് നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് കെ. മുരളീധരൻ. മധ്യപ്രദേശ് സർക്കാർ വിവാഹത്തിന് എതിരായിരുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു. വിഷയത്തിൽ നാല് വോട്ടിനായി എം.വി ഗോവിന്ദൻ ആവേശം കാട്ടിയെന്നും മുരളീധരൻ പറഞ്ഞു.

To advertise here,

'പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കേണ്ടത് സർക്കാരാണ്. മധ്യപ്രദേശ് സർക്കാരാണ് കേസെടുത്തിരിക്കുന്നത്. ഈ വിവാഹത്തിന് മധ്യപ്രദേശ് സർക്കാർ എതിരായിരുന്നു. അതാണോ യാഥാർത്ഥ്യം? ഒറിജിനൽ രേഖ ഏതാണ് എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ ചാടിക്കയറി അഭിപ്രായം പറയുന്നത് ശരിയല്ല. ഗോവിന്ദൻ മാഷ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആവേശം കാണിച്ചതായിരിക്കാം. ഒരു വിഷയത്തിൽ ഇടപെടുമ്പോൾ എല്ലാ വശങ്ങളും പരിശോധിക്കണം. നാലുവോട്ടിന് വേണ്ടി ചാടിക്കേറി അഭിപ്രായം പറയരുത്', കെ. മുരളീധരൻ പറഞ്ഞു.

പ്രായപൂർത്തിയാകുന്നതിന്‌ മുൻപാണ് മധ്യപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയുടെ വിവാഹമെന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമാൻ ഖാന്റെ പേരിൽ മധ്യപ്രദേശ് പോലീസ് പോക്സോ കേസെടുക്കുകയും ചെയ്തു.

ദേശീയ പട്ടികവർഗ കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക്‌ 16 വയസ്സേയുള്ളൂവെന്ന് കണ്ടെത്തി. കമ്മിഷന്റെ നിർദേശപ്രകാരമാണ്‌ പോലീസ്‌ കേസെടുത്തത്‌. മധ്യപ്രദേശ്‌, കേരളം ഡി.ജി.പി.മാരോട്‌ കമ്മിഷൻ അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെടും. ഏപ്രിൽ 22-ന്‌ ഡൽഹിയിലെ ആസ്ഥാന ഓഫീസിൽ ഹാജരാകാനും നിർദേശിച്ചു.

മധ്യപ്രദേശ് മഹേശ്വറിലെ സർക്കാർ മെഡിക്കൽ ആശുപത്രിയിലെ രേഖകൾപ്രകാരം പെൺകുട്ടി 2009 ഡിസംബർ 30-ന് വൈകീട്ട്‌ 5.50-ന് ജനിച്ചതായാണ് രേഖയുള്ളത്. മാർച്ച് 11-ന് വിവാഹിതയായപ്പോൾ 16 വയസ്സായിരുന്നു പ്രായം. തിരുവനന്തപുരത്തുള്ള ക്ഷേത്രത്തിലാണ്‌ ഫർമാനും പെൺകുട്ടിയും വിവാഹിതരായത്. അവരുടെ ആധാർ കാർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായം പരിഗണിച്ചാണ് വിവാഹം നടത്തിയതെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരത്ത് താമര വിരിയുമോ എന്ന ചോദ്യത്തിന് താൻ ജോത്സ്യനല്ല എന്ന  മറുപടിയാണ് മുരളീധരൻ നൽകിയത്.