തിരുനാവായ: പത്തൊൻപത് രാപകലുകളിലായി നിളാതീരത്തുനടന്ന ആത്മീയോത്സവത്തിന് ചൊവ്വാഴ്ച സമാപനമാകും. ജനുവരി 16-ന് പിതൃബലിയോടെ ആരംഭിച്ച മഹാമാഘമഹോത്സവമാണ് അമൃതസ്നാനമുൾപ്പെടെയുള്ള ചടങ്ങുകളോടെ സമാപിക്കുക.

To advertise here,

മാഘമാസത്തിലെ മകംനക്ഷത്രം വരുന്ന ദിവസമാണ് ചൊവ്വാഴ്ച. ഈ ദിവസത്തെ പ്രധാന ചടങ്ങായ മാഘമകം അമൃതസ്നാനം രാവിലെ എട്ടിന് ആരതിഘട്ടിൽ നടക്കും. അമൃതസ്നാനത്തിൽ നാഗസന്ന്യാസിമാർ അടക്കമുള്ളവരും ആയിരക്കണക്കിന് ഭക്തരും പങ്കുചേരും. അമൃതസ്നാനത്തിനുശേഷം യതിപൂജ നടക്കും. ആചാര്യന്മാരെ പൂജിക്കുന്നതാണ് യതിപൂജ. തുടർന്ന് സന്ന്യാസിമാർക്ക് അന്നവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ’ഭണ്ഡാര’ എന്ന ചടങ്ങാണ്. ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച ‘പംഗത്’ ആണ്. രാജാവിനും സാധാരണക്കാരനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരും നിലത്ത് ഒരേ നിരയിൽ ഇരുന്ന് ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന ദൃശ്യം. എല്ലാ സാമൂഹിക വേർതിരിവുകളും ഇല്ലാതാക്കുന്ന ഈ ആചാരം സനാതനധർമത്തിന്റെ സമത്വബോധത്തെയും മാനവിക മൂല്യങ്ങളെയും ഓർമിപ്പിക്കുന്നതാണെന്ന് സംഘാടകർ പറഞ്ഞു. കേരള കുംഭമേള എന്ന പേരിൽ ശ്രദ്ധപിടിച്ചുപറ്റിയ മേള സന്ധ്യക്കു നിളാ ആരതിയോടെ ഔപചാരികമായി സമാപിക്കും.

യജ്ഞവേദിയുടെ സമീപത്തായുള്ള ബ്രഹ്മാവ്, മഹാലക്ഷ്മി, നാവാമുകുന്ദൻ, തളി ശിവൻ, തൃപ്രങ്ങോട്ടപ്പൻ എന്നിവർക്ക് ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിങ്കളാഴ്ച പ്രത്യേകപൂജകൾ നടന്നു. രാത്രി കുളപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ സർപ്പബലിയുമുണ്ടായി.

പ്രതീക്ഷിച്ചതിനെക്കാൾ ഗംഭീരമായി മുന്നോട്ടുപോയ കേരള കുംഭമേളയിലൂടെ തിരുനാവായയിലെ ഭാരതപ്പുഴയുടെ തീരം ആത്മീയ ഉണർവിന്റെയും ധാർമിക ബോധത്തിന്റെയും സാക്ഷിയായി മാറുകയാണെന്ന് ഇതിനു നേതൃത്വം നൽകുന്ന മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. അടുത്തവർഷവും കൂടുതൽ ഭംഗിയായി മഹാമാഘം ആഘോഷിക്കും. 2028-ൽ പ്രയാഗ് രാജിലേതുപോലെ മഹാകുംഭമേളയായാണ് മഹാമാഘം സംഘടിപ്പിക്കുക.