കോഴിക്കോട്‌\പാലക്കാട്: വ്യാജരേഖ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അറസ്റ്റിലായ സ്ഥലം സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായതില്‍ പോലീസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഉന്നത സി.പി.എം. നേതൃത്വത്തെ രക്ഷിക്കാനാണ് മേപ്പയൂര്‍ മേപ്പയില്‍ എന്നാക്കി മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിയെ സഹായിച്ചവരെ രക്ഷിക്കാന്‍വേണ്ടി പോലീസ് നാടകം കളിക്കുകയാണ്. സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണം.

To advertise here,

വിദ്യയെ സഹായിച്ചവരെ രക്ഷിക്കാന്‍വേണ്ടി പോലീസ് നാടകം കളിക്കുകയാണ്. സഹായിച്ചതിനു പിന്നില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ്. യഥാര്‍ഥ കുറ്റവാളികളെ സമൂഹത്തില്‍നിന്ന് മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അറസ്റ്റുചെയ്തത് മേപ്പയൂരില്‍നിന്നുതന്നെയാണ്. അവിടെയുള്ള വളരെ ഉന്നതനായ ഒരു പാര്‍ട്ടിനേതാവിനെ സംരക്ഷിക്കാനാണ് മേപ്പയൂര്‍, മേപ്പയില്‍ എന്നു മാറ്റിപ്പറഞ്ഞത്. സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. 


അതിനിടെ വ്യാജരേഖ ചമച്ച സംഭവത്തില്‍ കെ. വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരേ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വ്യാജരേഖ കണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. അതിനാല്‍ത്തന്നെ വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ ഇപ്പോള്‍ നടപടി വേണ്ട എന്ന നിലപാടിലാണ് അഗളി പോലീസ്. 

കഴിഞ്ഞ രണ്ടാഴ്ചയോളം ഒളിവില്‍ കഴിഞ്ഞ വിദ്യയെ പിടികൂടിയത് വടകര വില്യാപള്ളി സ്വദേശി മേപ്പയില്‍ കുട്ടോത്ത് രാഘവന്റെ വീട്ടില്‍നിന്നാണെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിദ്യയുടെ സുഹൃത്തിന്റെ പേരില്‍ പുതിയ സിം ആക്ടീവ് ആയതിനെപ്രതി നടത്തിയ അന്വേഷണത്തിലാണ് അഗളി പോലീസ് വിദ്യയിലേക്കെത്തിയത്. വിദ്യയോടൊപ്പമുള്ള സെല്‍ഫി ഇയാളുടെ ഫോണില്‍നിന്ന് കണ്ടെത്തി. വിദ്യയെ കാണാതായതിനുശേഷമുള്ള ഫോട്ടോയായിരുന്നു ഇത്. ഇതോടെ കൂടുതല്‍ ചോദ്യം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ വിദ്യയെ പിടികൂടുകയുമായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.