അടൂർ: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. കാർഡിൽ പേര് ചേർത്തത് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണെന്ന, കാർഡുടമയുടെ മക്കളുടെ പരാതിയിലാണ് നടപടി. കാർഡുടമയുടെ ഭർത്തൃസഹോദരിയുടെ മകൾ എന്നനിലയിലാണ് ശ്രീനാദേവിയുടെ പേരുചേർത്തതെന്നും, എന്നാൽ കാർഡുടമയ്ക്ക് ഭർത്തൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, വിശദമായ പരിശോധനകൾക്കുശേഷം അടൂർ താലൂക്ക് സപ്ലൈ ഓഫീസറാണ് കാർഡ് റദ്ദാക്കിയത്.

To advertise here,

2020-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ സി.പി.ഐ. സ്ഥാനാർഥിയായാണ് ശ്രീനാദേവി പള്ളിക്കൽ ഡിവിഷനിൽനിന്ന് ആദ്യമായി മത്സരിച്ചത് വിജയിച്ചത്. കൊല്ലം ജില്ലയിൽ താമസമുള്ള ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് ആസമയത്ത് പരാതി ഉയർന്നിരുെന്നങ്കിലും, നടപടിയുണ്ടായില്ല.

ഏറത്ത്‌ പഞ്ചായത്തിലെ മണക്കാല കൊല്ലശ്ശേരിൽ വീട്ടിൽ പരേതയായ യശോദയുടെ വീടിന്റെപേരിലാണ് റേഷൻ കാർഡ് എടുത്തത്. ഈ റേഷൻ കാർഡ് ഉപയോഗിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ തിരഞ്ഞെടുപ്പുരേഖകളും ഉള്ളത്. ഡിസംബറിൽ എസ്.ഐ.ആർ. വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിലുള്ളതായി അറിയാൻ കഴിഞ്ഞതെന്നാണ്, കാർഡുടമയുടെ മക്കളിലൊരാളായ ശ്രീജിത്ത് എസ്. പിള്ള പറയുന്നത്. ജനുവരി പത്തിനാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

കുടുംബപ്രശ്നങ്ങളാണ് പരാതിക്ക്‌ കാരണമെന്ന് ശ്രീനാദേവി കുഞ്ഞമ്മ

പരാതിക്കാർ അടുത്ത ബന്ധുക്കളാണ്. ബന്ധമില്ലെന്ന് പറയുന്നത് തെറ്റാണ്. കഴിഞ്ഞതവണ സി.പി.ഐ.ക്കായി മത്സരിച്ചപ്പോഴുള്ള മേൽവിലാസമാണ് ഇപ്പോഴുമുള്ളത്. റേഷൻ കാർഡും വോട്ടർ ഐഡിയും ഇതേ വിലാസത്തിലായിരുന്നു. 20 വർഷമായി സി.പി.ഐ. മത്സരിച്ചിരുന്ന സീറ്റ് പിടിച്ചെടുത്തപ്പോഴാണ് അവർക്ക് പ്രശ്നമുണ്ടായത്. പേര് ഒഴിവാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. അതിനാലാണ് കാർഡ് മൊത്തത്തിൽ റദ്ദാക്കിയത്. ഇതിനുപിന്നിൽ രാഷ്ട്രീയമുണ്ട്. പരാതി വ്യാജമാണ്. താനും ആ വീടിന്റെ ഉടമസ്ഥയാണെന്നും, ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.