അവധി കിട്ടാനായി പിഎസ്സിയുടെ വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിൽ പോലീസ് കോൺസ്റ്റബിൾ ട്രെയിനിക്കെതിരേ വകുപ്പുതല അന്വേഷണം

ഇരിട്ടി: അവധി കിട്ടാനായി പിഎസ്സിയുടെ വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിൽ പോലീസ് കോൺസ്റ്റബിൾ ട്രെയിനിക്കെതിരേ വകുപ്പുതല അന്വേഷണം. കെഎപി നാലാം ബറ്റാലിയൻ റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ കെ.വി. ജിഷ്ണുവിനെതിരേയാണ് നടപടി. ജിഷ്ണുവിന്റെ പേരിൽ പിഎസ്സി കണ്ണൂർ ജില്ലാ ഓഫീസർ ടൗൺ പോലീസിൽ പരാതിയും നൽകി. ജിഷ്ണുവിനെ പരിശീലനത്തിൽനിന്ന് മാറ്റിനിർത്തി.
ഒക്ടോബർ 16-ന് നടന്ന പിഎസ്സിയുടെ സ്റ്റോർ കീപ്പർ പരീക്ഷ എഴുതാനാണ് ജിഷ്ണുവിന് ഒരുദിവസത്തെ അവധി അനുവദിച്ചത്. അവധി കഴിഞ്ഞ് എത്തിയ ജിഷ്ണുവിനോട് പരീക്ഷാ സെന്ററിലെ ഇൻവിജിലേറ്ററുടെ ഒപ്പും ഓഫീസ് സീലും പതിപ്പിച്ച ഹാൾടിക്കറ്റ് ഹാജരാക്കാൻ കെഎപി ബറ്റാലിയൻ പരിശീലനകേന്ദ്രം മേധാവി ആവശ്യപ്പെട്ടു. ഹാൾടിക്കറ്റ് ഹാജരാക്കാഞ്ഞതിനാൽ രേഖാമൂലം വിശദീകരണം തേടി. ഇതേ തുടർന്ന് സുഹൃത്തായ ഉദ്യോഗാർഥിയുടെ ഹാൾടിക്കറ്റ് സംഘടിപ്പിച്ച് അത് തിരുത്തി സ്വന്തം പേരിലാക്കി. പരീക്ഷ നടന്ന ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ പിഎസ്സി പരീക്ഷാ ചീഫ് സൂപ്രണ്ടായ പ്രഥമാധ്യാപകന്റെ ഒപ്പും സീലും ഇതിൽ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് ഹാൾടിക്കറ്റ് വ്യാജമാണെന്ന് മനസ്സിലാക്കിയത്. ഇക്കാര്യം പരീക്ഷാ ചീഫ് സൂപ്രണ്ട് പിഎസ്സി ജില്ലാ ഓഫീസറെ അറിയിച്ചു. പിഎസ്സി വിശദീകരണം തേടിയപ്പോൾ ജിഷ്ണു ഹാജരായി നടന്ന കാര്യങ്ങൾ എഴുതിനല്‍കി. പിഎസ്സി ജില്ലാ ഓഫീസർ ഇത് കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റിന് കൈമാറി. ഇതോടെയാണ് പരിശീലനത്തിൽനിന്ന് മാറ്റിനിർത്തിയത്. ബറ്റാലിയൻ കമാൻഡിങ് ഓഫീസർ എൻ. ബിജുവിനെ വകുപ്പ് തല അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടിയന്തരാവശ്യത്തിനല്ലാതെ അവധി ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ജിഷ്ണു വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കാൻ തുനിഞ്ഞതെന്ന് പറയുന്നു.
Content Highlights: fake PSC hall ticket, police constable trainee, departmental inquiry, PSC exam fraud, Iritty police, KAP battalion, forgery, leave fraud
Published: 24 Oct 2025, 09:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented