തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ 'ഡാഷ് മോനെ' എന്ന പ്രയോഗം കേരളത്തിന് മൊത്തം അപമാനമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രേവന്ത് റെഡ്ഡി ഒരു മലയാള സിനിമയിലെ ഡയലോഗ് 'പോ മോനെ ദിനേശാ' എന്നതിന് പകരമായി 'പോ മോനെ വിജയാ' എന്ന് തമാശ രൂപത്തിൽ ഉപയോഗിച്ചതിന് മറുപടിയായി മുഖ്യമന്ത്രിക്ക് മറ്റൊരു സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ച് മറുപടി പറയാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിലൊരു രാഷ്ട്രീയ മറുപടി നൽകിയിരുന്നെങ്കിൽ ആരും വിമർശിക്കില്ലായിരുന്നുവെന്നും, എന്നാൽ മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം ശരിയായില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

To advertise here,

വിവേകപൂർണമായ പെരുമാറ്റമാണ് ഒരു ഭരണാധികാരിയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും അത്തരം വാക്കുകൾ ഒഴിവാക്കണമായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

എല്ലാ തിരഞ്ഞെടുപ്പുകളിലും അടിയൊഴുക്കുകൾ ഉണ്ടാകാറുണ്ടെന്നും അടിയൊഴുക്കുകൾ വന്നാലും പിടിച്ചുനിൽക്കാനുള്ള ശേഷി വേണമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം-ബിജെപി മത്സരമെന്ന പ്രചാരണം വെറുമൊരു തമാശ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കാർ പോലും ഇത് കേട്ട് ഞെട്ടും. ഏപ്രിൽ ഒന്നിനായിരുന്നെങ്കിൽ ഈ തമാശ ആസ്വദിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ മറുപടി നൽകിയത്. വാർത്താ സമ്മേളനത്തിനിടെ രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.