തിരുവനന്തപുരം : വാടകക്കെട്ടിടത്തില്‍ ആസ്ഥാനമന്ദിരമൊരുക്കാന്‍ കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ചെലവിടുന്നത് 3.69 കോടി രൂപ. അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്ന ജലയവനികയും (വാട്ടര്‍ കര്‍ട്ടന്‍) ശീതീകരണ സംവിധാനവും ഒരുക്കുന്നതിനും അകത്തളങ്ങള്‍ മോടിപിടിപ്പിക്കുന്നതിനുമാണിത്. മാസം 4.72 ലക്ഷം രൂപ വാടകനല്‍കേണ്ട കെട്ടിടം ഏഴുവര്‍ഷത്തേക്കാണ് എടുത്തത്.

To advertise here,

സ്വകാര്യകെട്ടിടം കോടികള്‍നല്‍കി മോടിപിടിപ്പിക്കാന്‍ വ്യവസ്ഥകളില്ല. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വാടകയ്‌ക്കെടുക്കുന്നതിനുള്ള പൊതുമരാമത്തുവകുപ്പിന്റെ മാനദണ്ഡങ്ങളും ഇതിനെതിരാണ്. സര്‍ക്കാര്‍നിരക്കില്‍ കെട്ടിടങ്ങള്‍ കിട്ടാത്തതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ കെട്ടിടം പരിശോധിച്ച് വാടക നിശ്ചയിച്ച് നല്‍കാറുണ്ട്. ഈ കെട്ടിടങ്ങളില്‍ നിരക്ക് കുറഞ്ഞതും ഇളക്കിമാറ്റാവുന്നതുമായ സാമഗ്രികള്‍ ഉപയോഗിച്ച് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് പതിവ്.

എക്സ്ട്രാ ലോ വോള്‍ട്ടേജ് സിസ്റ്റം ഒരുക്കാന്‍ 1.25 കോടി രൂപയും ശീതീകരണ അനുബന്ധ സംവിധാനങ്ങള്‍ക്കായി 36.83 ലക്ഷവും മുടക്കി. അകത്തളം മോടിപിടിപ്പിക്കാന്‍ 74.19 ലക്ഷവും സിവില്‍ ജോലികള്‍ക്കായി 49.14 ലക്ഷവുമാണ് വകയിരുത്തിയത്. 25.25 ലക്ഷത്തിന്റെ ഫര്‍ണിച്ചറും 28.59 ലക്ഷത്തിന്റെ ഇലക്ട്രിക്കല്‍ ജോലികളും വാടകക്കെട്ടിടത്തില്‍ ചെയ്തിട്ടുണ്ട്.

വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജ് റോഡിലെ ഇന്ത്യ ഹൈറ്റ്‌സ് എന്ന അഞ്ചുനില കെട്ടിടം 2021 ഏപ്രിലാണ് വാടകയ്ക്ക് എടുത്തത്. സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വാടകക്കരാര്‍ എഴുതുന്നതിനുമുമ്പേ അഡ്വാന്‍സായി അഞ്ചുലക്ഷംരൂപ നല്‍കി.

പിന്നീട് അഞ്ചുലക്ഷംരൂപകൂടി നല്‍കി. വാടകക്കരാറിന് സര്‍ക്കാര്‍ അനുമതിനേടിയിരുന്നെങ്കിലും കെട്ടിട നവീകരണത്തിനുള്ള തീരുമാനത്തില്‍ പൊതുമരാമത്തുവകുപ്പിന്റെ അഭിപ്രായം തേടിയിരുന്നില്ല.

വാടക കാലയളവിനുശേഷം കെട്ടിടം പഴയപടി കൈമാറണമെന്നാണ് കരാറിലെ പ്രധാനവ്യവസ്ഥ. ഒഴിയേണ്ടിവരുമ്പോള്‍ ജലയവനിക ഉള്‍പ്പെടെ ഇളക്കി മാറ്റേണ്ടിവരും. ഇന്റീരിയര്‍ സാമഗ്രികള്‍ ഉള്‍പ്പെടെ പുനരുപയോഗിക്കാന്‍ കഴിയുമെന്നാണ് കെ-ഡിസ്‌കിന്റെ വാദം.

ഇത്രയും മോടിപിടിപ്പിച്ച കെട്ടിടം വാടകയ്ക്ക് എടുക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് ലാഭകരമാണെും സംസ്ഥാനത്തെ ആദ്യത്തെ ഗ്രീന്‍ ബില്‍ഡിങ്ങാണെന്നും കെ-ഡിസ്‌ക് അധികൃതര്‍ അവകാശപ്പെടുന്നു.