തിരുവനന്തപുരം: മാറി വരുന്ന തൊഴില്‍ സാധ്യതകളും രീതികളും കണക്കിലെടുത്ത് വീടിനടുത്തു തന്നെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വൈജ്ഞാനിക തൊഴിലിടങ്ങളായ വര്‍ക്ക് നിയര്‍ ഹോം പദ്ധതി നടപ്പാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍.   കേരള നോളജ് ഇക്കോണമി മിഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പ്രദേശത്തുള്ളവര്‍ക്ക് അവിടുത്തെ പ്രാദേശിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ ജോലികള്‍ക്കായി ഒത്തുകൂടാനുള്ള വര്‍ക്ക് സ്‌പെയ്‌സ് ശൃംഖലയാണ് വര്‍ക്ക് നിയര്‍ ഹോം. 

To advertise here,

വൈജ്ഞാനിക തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ക്കും ആവശ്യമായ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി, കോണ്‍ഫറന്‍സ് റൂം, വ്യക്തിഗത ജോലി സ്ഥലം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങളായിരിക്കും ഇവ. ഈ പദ്ധതി കേരളത്തിലുടനീളം തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടു കൂടിയാണ് നടപ്പിലാക്കുന്നത്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്ന തദ്ദേശ്ശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യമുള്ള സ്വകാര്യ സംരംഭകരില്‍ നിന്നും കെ-ഡിസ്‌ക്ക് അപേക്ഷ ക്ഷണിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://kdisc.kerala.gov.in/ സന്ദര്‍ശിക്കുക.അപേക്ഷിക്കേണ്ട അവസാന തീയതി - 20-07-2023