തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ബാർക്കോഴ വിവാദത്തിലും തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക സംഭവങ്ങളിലും മനസ്സ് തുറന്ന് മുൻ എക്സൈസ് മന്ത്രി കെ. ബാബു. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ നിലപാടുകൾ സർക്കാരിനെ ശ്വാസം മുട്ടിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

To advertise here,

ബാർ ലൈസൻസുകൾ പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയുണ്ടായിരുന്നു. കെ.പി.സി.സി. സമിതിയിലെ പത്തോളം മുതിർന്ന നേതാക്കൾ ലൈസൻസ് പുതുക്കി നൽകണമെന്ന അഭിപ്രായക്കാരായിരുന്നിട്ടും വി.എം. സുധീരൻ മാത്രം അതിനെ ശക്തമായി എതിർത്തു. എല്ലാവരും ചേർന്നെടുത്ത പൊതുതീരുമാനത്തിനൊപ്പം നിൽക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് കെ. ബാബു ആരോപിക്കുന്നു.

ഒരു പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതിന് പകരം ഓരോ നീക്കത്തിലും അദ്ദേഹം തടസ്സങ്ങൾ സൃഷ്ടിച്ചുവെന്ന് കെ. ബാബു പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തകരെയും ബിഷപ്പുമാരെയും വിളിച്ച് സർക്കാരിനെതിരെ പ്രസ്താവനകൾ ഇറക്കാനും സമരങ്ങൾ ചെയ്യിക്കാനും സുധീരൻ മുൻകൈ എടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുധീരന്റെ കടുത്ത നിലപാടുകളും മറ്റ് ഘടകകക്ഷികളുടെയും മതമേലധ്യക്ഷന്മാരുടെയും സമ്മർദ്ദവും കാരണമാണ് സംസ്ഥാനത്തെ ബാറുകൾ മുഴുവൻ അടച്ചുപൂട്ടുക എന്ന അപ്രതീക്ഷിത തീരുമാനത്തിലേക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയത്.

ബാർക്കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകുന്നതിനെ സുധീരൻ ശക്തമായി എതിർത്തു. തനിക്കെതിരെ മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും ഉമ്മൻചാണ്ടിയുടെ കർശന നിലപാടാണ്  സീറ്റ് ഉറപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബാർക്കോഴ വിവാദത്തിന് പിന്നിൽ മദ്യവ്യാപാരികളും ചില സിപിഎം നേതാക്കളും തമ്മിലുള്ള ഗൂഢാലോചനയുണ്ടെന്ന് കെ. ബാബു ആരോപിച്ചു. ബാറുകൾ പൂട്ടിയതോടെ ഈ ഗവൺമെന്റിനെ താഴെയിറക്കാൻ കൂടുതൽ മന്ത്രിമാരുടെ പേരിൽ ആരോപണം ഉന്നയിക്കാൻ മദ്യവ്യാപാരികളോട് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ ബാറുകൾ പൂർണ്ണമായും അടച്ചുപൂട്ടാനുള്ള തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു ദിവസം ഉമ്മൻചാണ്ടി തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു കടലാസും പേനയും നൽകി ഇക്കാര്യം എഴുതാൻ ആവശ്യപ്പെടുകയായിരുന്നു. പിറ്റേന്ന് നടന്ന യുഡിഎഫ് യോഗത്തിൽ ഈ തീരുമാനം ഉമ്മൻചാണ്ടി വായിച്ചപ്പോൾ എല്ലാവരും ഞെട്ടിപ്പോയെന്നും, ആർക്കും ഒന്നും മിണ്ടാൻ സാധിച്ചില്ലെന്നും അദ്ദേഹം ഓർത്തെടുത്തു. വി.എം. സുധീരന്റെ കടുത്ത മദ്യവിരുദ്ധ നിലപാടുകൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് ഉമ്മൻചാണ്ടി ഇത്തരമൊരു അറ്റകൈ പ്രയോഗം നടത്തിയത്.

കെ.എം. മാണിയുടെ ആത്മകഥയിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾ സത്യവിരുദ്ധമാണെന്ന് കെ. ബാബു പറഞ്ഞു. ഗുണനിലവാരം ഇല്ലാത്തതിന്റെ പേരിൽ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് തീരുമാനിച്ച 418 ബാറുകൾക്ക്, സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് പുതുക്കി നൽകാനുള്ള ഫയൽ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു നേരിട്ട് ക്യാബിനറ്റിൽ കൊണ്ടുവന്നു എന്നതാണ് പ്രധാന ആരോപണം. നിയമപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ നിയമവകുപ്പ് മന്ത്രി കാണേണ്ട ഫയലായിരുന്നു അതെന്നും എന്നാൽ മാണിയുടെ മദ്യവിരുദ്ധ നിലപാട് കാരണം അദ്ദേഹം എതിർത്തേക്കുമെന്ന് കരുതി നിയമവകുപ്പിനെ മനപ്പൂർവ്വം മറികടന്നതാണെന്നും മാണി ആത്മകഥയിൽ ആരോപിക്കുന്നു.

നിയമവകുപ്പ് ഫയൽ കാണേണ്ടതുണ്ടെന്ന കാര്യം താൻ സൂചിപ്പിച്ചപ്പോൾ കെ. ബാബു അല്പം ക്ഷോഭിച്ചാണ് സംസാരിച്ചതെന്ന് മാണി ആത്മകഥയിൽ പറയുന്നു. ഭരണപരിചയം കുറവുള്ള ആളായതുകൊണ്ട് താൻ അത് അവഗണിച്ചുവെന്നും അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ലൈസൻസ് വിവരങ്ങൾ അന്വേഷിച്ചെത്തിയ ബാർ ഉടമകളോട് "നിങ്ങൾ ആ ജുബ്ബാ ചേട്ടനോട് (മാണി) പോയി ചോദിക്ക്" എന്ന് കെ. ബാബു പരിഹാസപൂർവ്വം പറഞ്ഞതായി താൻ അറിഞ്ഞു എന്നും മാണി ആരോപിക്കുന്നു.

ഈ ആരോപണങ്ങളെല്ലാം സത്യവിരുദ്ധമാണെന്നാണ് കെ. ബാബുവിന്റെ നിലപാട്. ഇത്തരത്തിലുള്ള ഫയലുകൾ നിയമവകുപ്പിന് അയക്കുന്ന കീഴ്വഴക്കം അതിനു മുൻപും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മാണി സാർ ഫയൽ കാണണമെന്ന് ക്യാബിനറ്റിൽ വെച്ച് ആവശ്യപ്പെട്ടപ്പോൾ തന്നെ താൻ അത് അദ്ദേഹത്തിന് അയച്ചുകൊടുത്തു. എന്നാൽ ഫയൽ ഓഫീസിൽ എത്തുന്നതിന് മുൻപ് തന്നെ, യാത്രയിലായിരുന്ന മാണി തന്നെ ഫോണിൽ വിളിച്ച് ലൈസൻസ് പുതുക്കി നൽകുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചതായും കെ. ബാബു വെളിപ്പെടുത്തി. മരിച്ച വ്യക്തിയായതുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതൽ തർക്കത്തിനില്ലെന്നും കെ. ബാബു അഭിമുഖത്തിൽ പറഞ്ഞു.

1991-ൽ സിപിഎം കോട്ടയായ തൃപ്പൂണിത്തുറയിൽ എം.എം. ലോറൻസിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് കെ. ബാബു തന്റെ നിയമസഭാ ജീവിതം ആരംഭിക്കുന്നത്. അന്ന് തന്നെ ഒരു 'പയ്യൻ' എന്ന് വിശേഷിപ്പിക്കുകയും ഹസ്തദാനം ചെയ്യാൻ പോലും വിസമ്മതിക്കുകയും ചെയ്ത ലോറൻസിനെതിരെ 1500 വോട്ടിന് ജയിക്കുമെന്ന തന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. തുടർന്ന് ആറ് തവണ തൃപ്പൂണിത്തുറയിൽ നിന്നും നിയമസഭയിലെത്തി. "കല്യാണ ബാബു" എന്ന വിളിപ്പേര് തനിക്ക് ലഭിച്ചത് എല്ലാ വീടുകളുമായും ഉള്ള വ്യക്തിപരമായ ബന്ധം കൊണ്ടാണെന്നും, ജനങ്ങളുമായി ചേർന്നുനിൽക്കുന്ന പ്രവർത്തന ശൈലിയാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഉയർന്ന 100 കോടിയുടെ അഴിമതി ആരോപണങ്ങൾ രാഷ്ട്രീയ വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് നടത്തിയ റെയ്ഡിൽ കാര്യമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും, ഒടുവിൽ 25 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് എന്ന നിലയിലേക്കാണ് കേസ് എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. അഴിമതിക്കാരൻ എന്ന മുദ്രകുത്തപ്പെട്ടത് തന്നെയും കുടുംബത്തെയും മാനസികമായി തളർത്തിയെന്നും, ആ സമയത്ത് ഉമ്മൻചാണ്ടി നൽകിയ പിന്തുണ വലുതാണെന്നും അദ്ദേഹം ഓർമ്മിച്ചു.

ആരോഗ്യപരമായ കാരണങ്ങളാലാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് കെ. ബാബു വ്യക്തമാക്കി. ഡിസ്ക് സർജറി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ പൂർണ്ണ തൃപ്തിയോടെ പ്രവർത്തിക്കാൻ കഴിയില്ലെന്ന ബോധ്യമാണ് ഈ തീരുമാനത്തിന് പിന്നിൽ. ദീപക് ജോയിയെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയായി നിർദ്ദേശിച്ചത് തന്റെ കൂടി തീരുമാനമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഉമ്മൻചാണ്ടി ഒരു നീതിമാനായിരുന്നുവെന്നും സോളാർ കേസ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ അദ്ദേഹത്തെ ക്രൂശിക്കാനായി ഉണ്ടാക്കിയതാണെന്നും കെ. ബാബു പറഞ്ഞു. അദ്ദേഹത്തിന്റെ കല്ലറയിൽ എഴുതിയിരിക്കുന്നത് പോലെ അദ്ദേഹം അക്ഷരാർത്ഥത്തിൽ നീതിമാനായിരുന്നുവെന്നും കെ. ബാബു കൂട്ടിച്ചേർത്തു. ഇനി ഒരു സാധാരണ പാർട്ടി പ്രവർത്തകനായി തുടരാനാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്.