കോട്ടയം: രാജ്യം പദ്‌മഭൂഷൺ നൽകി ആദരിച്ച് 19 വർഷത്തിനുശേഷം പദ്‌മവിഭൂഷൺ തേടിയെത്തുമ്പോൾ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന് അത് പിറന്നാൾസമ്മാനമായി. ജനുവരി 30-ന് 89-ാം പിറന്നാൾ ആഘോഷിക്കാനിരിക്കുന്ന വേളയിൽ സന്തോഷം മറച്ചുവെക്കുന്നില്ല. ‘‘ബഹുമതിയിൽ ഒരു ‘വി’ കൂടി ചേർന്ന് കൂടുതൽ അഭിമാനിതനാകുന്നതിൽ വളരെ സന്തോഷം. വിദൂരപ്രതീക്ഷയിൽപോലും പുരസ്കാരം ഉണ്ടായിരുന്നില്ല. എങ്കിലും ഏറെ സന്തോഷം, അഭിമാനം’’ -സംസ്ഥാന നിയമപരിഷ്കരണകമ്മിഷൻ അധ്യക്ഷൻകൂടിയായ കെ.ടി. തോമസ്‌ പറഞ്ഞു.

To advertise here,

കഞ്ഞിക്കുഴിയിലെ കല്ലുപുരയ്‌ക്കൽതടത്തിൽ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ഫോണിൽ വിളിച്ച്‌ അഭിനന്ദനമറിയിച്ചു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി വിളിച്ചാണ്‌ പുരസ്കാരവിവരം പറഞ്ഞത്‌. രാഷ്ട്രീയപ്രവർത്തനത്തിൽനിന്ന് അഭിഭാഷകവൃത്തിയിലേക്കും അവിടെനിന്ന്‌ ജുഡീഷ്യറിയിലേക്കും നീണ്ടതായിരുന്നു ആ ജീവിതം. തിരുനക്കര കല്ലുപുരയ്ക്കൽ കെ.ടി. തോമസിന്റെയും മറിയത്തിന്റെയും നാലുമക്കളിൽ മൂത്തയാളായി 1937 ജനുവരി 30-നായിരുന്നു ജനനം. ബേക്കർ മെമ്മോറിയൽ സ്കൂളിൽ പ്രാഥമികപഠനം. കോട്ടയം സിഎംഎസ് കോളേജ്, എറണാകുളം സെയ്ന്റ് ആൽബർട്ട് കോളേജ് എന്നിവിടങ്ങളിലായി തുടർപഠനം. കോളേജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. മദ്രാസ് ലോ കോളേജിലായിരുന്നു നിയമപഠനം.

1960-ൽ പ്രമുഖ അഭിഭാഷകനായ ജോസഫ് മാലിയക്കലിന്റെ ജൂനിയറായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1976-ൽ അമേരിക്കയിലെ ടെക്സസിൽനടന്ന സമാധാനത്തെക്കുറിച്ചുള്ള ലോകസമ്മേളനത്തിൽ പങ്കെടുക്കാൻ അഭിഭാഷകനെന്നനിലയിൽ ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചു. 1977-ൽ ജില്ലാ, സെഷൻസ് ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂരിലായിരുന്നു ആദ്യ നിയമനം. 1985-ൽ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 1986-ൽ കേരള ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. 1995-ൽ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി. 1996-ൽ സുപ്രീംകോടതി ജഡ്ജിയായി. 2002 ജനുവരി 30-ന് വിരമിച്ചു. സുപ്രീംകോടതിയിൽനിന്ന്‌ വിരമിച്ചതുമുതൽ 2021 വരെയുള്ള അനുഭവങ്ങൾ ചേർത്ത് ‘രണ്ടുപതിറ്റാണ്ടിന്റെ പോർവിളികളും’ 25 വർഷത്തെ ജുഡീഷ്യൽ സേവനത്തിന്റെ വിവരണമായി ‘ഹണിബീസ് ഓഫ് സോളമൻ’ എന്ന പുസ്തകവും എഴുതി. ഭാര്യ: തരുണി തോമസ്. മക്കൾ: ഡോ. ബിനു തോമസ് (ഹാൻഡ് സർജറി വിഭാഗം മേധാവി, ക്രിസ്ത്യൻ മെഡിക്കൽ കോേളജ്, വെല്ലൂർ), ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് (കേരള ഹൈക്കോടതി ജഡ്ജി), ബിപിൻ ചെറിയാൻ തോമസ് (എവിടി ചീഫ് മാർക്കറ്റിങ് ഓഫീസർ). മരുമക്കൾ: ഡോ. മീറ (പാത്തോളജിവിഭാഗം മേധാവി, ക്രിസ്ത്യൻ മെഡിക്കൽ കോേളജ്, വെല്ലൂർ), മീനു (പ്ളാന്റ് ലിപിഡ്സ്, കോലഞ്ചേരി), പൂർണിമ(ഓസ്ട്രേലിയൻ ക്രൂയിസ് കന്പനി, കൊച്ചി).