കൊച്ചി:  സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കെ.ടി റമീസും സരിത്തും ജയില്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന്  ജയില്‍ വകുപ്പ്. റമീസ് ജയിലില്‍ ലഹരി ഉപയോഗിച്ചുവെന്നും സരിത്ത് ഇതിന് കാവല്‍ നിന്നുവെന്നും  ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഐഎ കോടതി, എറണാകുളം പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി എന്നിവയിലാണ് പൂജപ്പുര സെന്‍ട്രല്‍  ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.  

To advertise here,

ജൂലൈ അഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അഞ്ചാം തിയതി രാത്രി റമീസ് സെല്ലിന്റെ പിറകുവശത്തേക്ക് പോയശേഷം  എന്തോ വലിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയെന്നാണ് ജയില്‍ അതികൃതരുടെ റിപ്പോര്‍ട്ടിലുള്ളത്.  റമീസ് ലഹരി ഉപയോഗിക്കുമ്പോള്‍ സരിത്ത് ഉദ്യോഗസ്ഥര്‍ വരുന്നുണ്ടോയെന്നറിയാനായി സെല്ലിന് മുന്നില്‍ കാവല്‍ നിന്നതായും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.  

കഴിഞ്ഞ ദിവസങ്ങളില്‍ കെ.ടി റമീസിന് പാഴ്‌സല്‍ വന്നിരുന്നു. ജയിലില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത ചില സാധനങ്ങള്‍ പാഴ്‌സലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് കൈമാറാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ജയില്‍ അധികൃതരുമായി വാക്കേറ്റം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സരിത്ത് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ പേര് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പറയാന്‍ പ്രേരിപ്പിച്ചുവെന്നാണ് ഈ പരാതിയില്‍ പറയുന്നത്.  ഇതിന് പിന്നാലെയാണ് കഴിഞ്ഞ എട്ടാം തിയ്യതി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സരിത്തിനും റമീസിനും എതിരായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

എന്‍ഐഎ കോടതി സരിത്തിനെ നേരിട്ട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  വിഷയത്തില്‍ കോടതി ഇടപെടലുണ്ടായാല്‍ പ്രതികളെ കേരളത്തിന് പുറത്തേക്കുള്ള ജയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. 

Content Highlight: Jail department report against KT Ramees and sarith