പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഭാവിശ്വാസികളെ ചേര്‍ത്ത് പിടിച്ചും അരമനക്കുള്ളില്‍ ഒളിക്കാതെ പ്രതിഷേധിച്ചും കലഹിച്ചും സഭാവിശ്വാസികളോടൊപ്പം ചേര്‍ന്നുനിന്ന വ്യക്തിത്വമായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടേത്. ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും സഭാവിശ്വാസികള്‍ക്കായി പടുത്തയര്‍ത്തിയ അദ്ദേഹത്തെ മലങ്കര സഭയുടെ യാക്കോബ് ബുര്‍ദാന എന്നാണ് വിശ്വാസികള്‍ ഭക്തിയോടെ വിളിക്കുന്നത്. 22 വര്‍ഷം യാക്കോബായ സഭയെ നയിച്ച നായകന് വിടപറയുമ്പോള്‍ സഭയുടെ സുവര്‍ണകാലഘട്ടത്തിന് തിരശീലവീഴുകയാണ്. തന്റെ ജീവതത്തിലൂടെയും ആശയത്തിലൂടേയും പകരംവെക്കാനില്ലാത്ത നേതൃത്വമാണ് അദ്ദേഹത്തിന്റേത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം വരുകയും വൈകുന്നേരം അഞ്ചരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ പൊതുദര്‍ശനം ആരംഭിക്കും. ശ്രേഷ്ഠ ബാവായുടെ വിയോഗത്തില്‍ പള്ളികളിലും പള്ളിവക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ശ്രേഷ്ഠ ജീവിതം, മലങ്കര സഭയുടെ പ്രിയ നേതാവ്
എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടേയും കുഞ്ഞാമ്മയുടെയും എട്ട് മക്കളില്‍ ആറാമത്തെയാളാണ് തോമസ് ബാവ. 1929 ജൂലായ് 22-നാണ് ജനനം. സി.എം. തോമസ് എന്നായിരുന്നു പേര്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. വിദ്യാഭ്യാസജീവിതം കഠിനരോഗങ്ങള്കാരണം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. പിന്നീട് തപാല്‍ വകുപ്പില്‍ അഞ്ചലോട്ടക്കാരനായി ഉള്‍പ്പെടെ ജോലി ചെയ്തിരുന്നു. 1958 സെപ്റ്റംബര്‍ 21-ന് മഞ്ഞനിക്കര ദയാറയില്‍ വച്ച് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മോര് യൂലിയോസ് ബാവയില്‍ നിന്നും ഫാ. സി.എം. തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദിക പട്ടമേറ്റു. പിന്നീട് കൊല്‍ക്കത്തയിലെ കല്‍ക്കരി ഖനികളിലും കശ്മീരിലുമടക്കം മിഷന് പ്രവര്‍ത്തനങ്ങള്‍ നടത്തി.

1973 ഒക്ടോബര്‍ 11- ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പരി. ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1974 ഫെബ്രുവരി 24-ന് ദമസ്കസില്വച്ച് ദിവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. 1974-ല്‍ അങ്കമാലി മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുമ്പോള്‍ മൂന്ന് മെത്രാന്മാരും ഏതാനും വൈദികരും മാത്രമുണ്ടായിരുന്ന സഭയെ ഏഴുലക്ഷത്തിലധികം വരുന്ന വിശ്വാസികളുടെ സമൂഹമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. വിശ്വാസസംരക്ഷണത്തിന് വേണ്ടി നിരവധി തവണ നിരന്തര സമരങ്ങളും അറസ്റ്റുകളും ജയില്‍വാസവുമൊക്കെ സഹിക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. 2000-ല്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുക്കുകയും ചെയ്തു. 2002 ജൂലൈ 26-ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനാവുകയായിരുന്നു.
വളരെ കുറച്ച് മാത്രം ഭക്ഷണം, വളരെ കുറച്ച് സംസാരം
യാക്കോബായ സഭയുടെ ആധുനിക ശില്പിയെന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന ഒരേ ഒരാളാണ് ബാവ തിരുമേനി. കാര്യങ്ങളിലെ കാമ്പ് ഉള്‍ക്കൊണ്ട് വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിത്വം. സംസാരം പോലെ തന്നെ മിതമായി മാത്രം ഭക്ഷണം കഴിക്കുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. സഭയിലേയും തനിക്ക് ചുറ്റുമുള്ള ജനങ്ങളിലെയും ദുരിതങ്ങള്‍ മനസിലാക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. സഭയുടെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലെല്ലാം അസാധാരണമായ നേതൃത്വപാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. പള്ളികള്‍ ഒന്നൊന്നായി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലും ഓര്‍ത്തഡോക്സ് വിഭാഗം പള്ളികള്‍ കൈയേറയിപ്പോഴും അദ്ദേഹം തന്റെ വിശ്വാസ സമൂഹത്തെ ചേര്‍ത്ത് പിടിച്ച് പൊരുതാനുളള ആത്മവിശ്വാസം പകര്‍ന്നു നല്‍കിയിരുന്നു.
ചരിത്രമായ ആലുവ തൃക്കുന്നത്ത് പള്ളി സമരം
ആലുവ തൃക്കുന്നത്ത് പള്ളി സമരത്തോടനുബന്ധിച്ച് ശ്രേഷ്ഠ പിതാവ് നടത്തിയ 44 ദിവസത്തെ ഉപവാസം ഏറെ പ്രസിദ്ധമാണ്. 1977-ല്‍ ആലുവ തൃക്കുന്നത്ത് സെന്റ് മേരിസ് പള്ളിയില്‍ ഡോ. ടി.പി. ജേക്കബിന്റെ പിതാവും ദീര്‍ഘകാലം പള്ളി ട്രസ്റ്റിയുമായിരുന്ന തേനുങ്കല്‍ പൈലിയുടെ മൃതശരീരം പള്ളിസെമിത്തേരിയില്‍ അടക്കുന്നതു തടഞ്ഞപ്പോള്‍ സമരം ആരംഭിക്കുകയായിരുന്നു. ഇടവക മെത്രാപ്പോലീത്ത ആയിരുന്ന ബാവ പോലീസ് സ്റ്റേഷനുമുന്നില്‍ നടുറോഡില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയിട്ടായിരുന്നു പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്തത്. എന്നാല്‍ അപ്പോഴും തര്‍ക്കങ്ങള്‍ അവസാനിച്ചിരുന്നില്ല. ഡിസംബര്‍ നാലിന് ആലുവാ യു.സി. കോളജ് സെന്റ് മേരീസ് പള്ളിയില്‍ നിന്നും പുറപ്പെട്ട ജാഥയെ പോലീസ് തടഞ്ഞു. 93 വൈദികരും 83 സ്ത്രീകളും 84 പുരുഷന്മാരുമടക്കം അറസ്റ്റിലായി. ഡിസംബര്‍ അഞ്ചിനു നാടകീയമായി നിരോധനാജ്ഞ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഓര്‍ത്തേഡോക്സ് പക്ഷത്തിനു കുര്‍ബാനയ്ക്കു പള്ളി അനുവദിക്കുകയും പ്രതിഷേധിക്കാന്‍ പള്ളിയിലെത്തിയവരെ പോലീസ് മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുനൂറിലേറെ വിശ്വാസികള്‍ അറസ്റ്റിലായി. ബാവായെയും കൂടെയുള്ളവരെയും എറണാകുളം മജിസ്ട്രറ്റ് മുമ്പാകെ രാത്രി തന്നെ ഹാജരാക്കുകയും ജയിലില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍, തൊട്ടുപിന്നാലെ അദ്ദേഹം ജയിലില്‍ നിരാഹാരയജ്ഞം ആരംഭിക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യം വഷളായെങ്കിലും പിന്തിരിയാന് അദ്ദേഹം തയ്യാറായില്ല. 1978 ജനുവരി 19-ന് സമരം ഒത്തുതീര്‍പ്പായി. കടവില്‍ ഡോ. പൗലോസ് മോര് അത്താനാസിയോസ് തിരുമേനി തൃക്കുന്നത്ത് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. പെരുമ്പള്ളി തിരുമേനിയും ഉപവാസം അനുഷ്ഠിച്ചിരുന്ന ദിവന്നാസിയോസ് തിരുമേനിയും വൈദികരും കുര്‍ബ്ബാനയില്‍ പങ്കെടുത്തു.
തുടര്‍ന്നു നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ 1978 ജനുവരി 19-ന് സമരം ഒത്തുതീര്‍പ്പായി. കടവില്‍ ഡോ. പൗലോസ് മോര് അത്താനാസിയോസ് തിരുമേനി തൃക്കുന്നത്ത് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. പെരുമ്പള്ളി തിരുമേനിയും ഉപവാസം അനുഷ്ഠിച്ചിരുന്ന ദിവന്നാസിയോസ് തിരുമേനിയും വൈദികരും കുര്‍ബ്ബാനയില്‍ സംബന്ധിച്ചു. സഭാപിതാക്കന്മാരുടെ കബറിടങ്ങളില്‍ പ്രാര്‍ഥന നടത്തി. ജനസഹസ്രങ്ങള്‍ നിരോധിതമേഖലക്കു ചുറ്റും നിന്നു ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. ക്ലീമിസ് മെത്രാപ്പോലീത്ത നല്കിയ നാരങ്ങാനീരു കഴിച്ച് ദിവന്നാസിയോസ് തിരുമേനി 44 ദിവസം നീണ്ടുനിന്ന മഹാസമരം അവസാനിപ്പിക്കുകയായിരുന്നു.
പിന്നീടും രണ്ട് തവണ വലിയ സമരങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലും വിശ്വാസികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ ഉപവാസായജ്ഞം അടക്കമുള്ള സമരങ്ങള്‍ക്കു ബാവ നേതൃത്വം നല്കി. മാമലശേരി, കണ്യാട്ടുനിരപ്പ്, കടമറ്റം പള്ളികളും വിശ്വാസചരിത്രത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സംസ്കാര ക്രമീകരണങ്ങള്‍
- നാളെ (നവംബര്‍ ഒന്ന് വെള്ളി) രാവിലെ എട്ട് മണിക്ക് വിശുദ്ധ കുര്‍ബ്ബാന കോതമംഗലം ചെറിയ പള്ളിയില്‍ നടക്കും.
- 9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം.
- തുടര്‍ന്ന് 10.30-ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകള്‍ ആരംഭിക്കുന്നു.
- ഉച്ചനമസ്ക്കാരം കഴിഞ്ഞ് ഒരുമണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ എത്തിച്ചേരുന്നു.
- തുടര്‍ന്ന് നാലു മണിക്ക് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് മൂവാറ്റുപുഴ വഴി പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതുദര്‍ശനം.
- നവംബര്‍ 2-ാം തീയതി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പാത്രിയര്‍ക്കാ സെന്റര്‍ മോര് അത്തനേഷ്യസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന ഉണ്ടായിരിക്കും.
- മൂന്നു മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകള്‍ ആരംഭിക്കും.
Content Highlights: Supreme head of Jacobite Syrian Christian Church Mor Baselios Thomas I passes away
Published: 31 Oct 2024, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented